പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം ഭക്തി സാന്ദ്രം

പുന്നയൂർ : പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് മാതൃസമിതികളുടെ നേതൃത്വത്തിൽ നടത്തിയ പൊങ്കാല സമർപ്പണം ഭക്തി സാന്ദ്രമായി.ഫെബ്രുവരി ആറിന് വെള്ളിയാഴ്ചയാണ് താലപ്പൊലി മഹോത്സവം.ശിവനും ഭദ്രകാളിയും ഒരു പീഠത്തിൽ കുടികൊള്ളുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രം. മകരം ആറിന് ചൊവ്വാഴ്ച ക്ഷേത്രം തന്ത്രി പഴങ്ങാം പറമ്പത്ത് മന കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷം കൊടിയേറ്റം നടത്തിയാണ് തിരുവുത്സവത്തിന് തുടക്കം കുറിച്ചത്. ശനിയാഴ്ച കാലത്ത് 9ന് ക്ഷേത്രം തന്ത്രി ശരത് നമ്പൂതിരി പൊങ്കാല അടുപ്പിൽ ആദ്യ തിരി കൊളുത്തി. തുടർന്ന് 350 ഓളം അടുപ്പുകളിൽ തീ പകർന്നതോടെ  വേല മഹോത്സവത്തിന് പൊങ്കാല ഒരുക്കി ദേവി പ്രീതിക്കായി സമർപ്പിച്ചു.  ദണ്ഡൽ സ്വാമി കാവിലും പൊങ്കാല സമർപ്പണവും പൂജയും മൂക്കുതല അപ്പു മാരാരുടെ നേതൃത്വത്തിൽ മേളവും നടന്നു.. മാതൃസമിതി പ്രസിഡണ്ട് ഷീജ മോഹനൻ, സെക്രട്ടറി വി ചന്ദ്രിക തുടങ്ങിയവരും മറ്റ് അംഗങ്ങളും പൊങ്കാലക്ക് നേതൃത്വം നൽകി. കൊടിയേറ്റം മുതൽ താലപ്പൊലി ഉത്സവം വരെ പൊന്നാനി ഹരി കുറുപ്പിന്റെ നേതൃത്വത്തിൽ രാത്രി കളമെഴുത്തുപാട്ടും ഉണ്ടായിരിക്കും. പരിപാടികൾക്ക് ക്ഷേത്രം പ്രസിഡണ്ട് കാരയിൽ വിജയൻ, സെക്രട്ടറി ദയാനന്ദൻ മാമ്പുള്ളി, ട്രഷറർ പ്രകാശൻ ചന്ദിരുത്തിൽ, മറ്റ് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *