കുന്നംകുളം: ‘കേരള സ്റ്റോറി 2’ സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. കുന്നംകുളം ഭാവന തിയേറ്ററിലേക്ക് ഡിവൈഎഫ്ഐ ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.ടി.കെ. കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നിന്ന് ആരംഭിച്ച മാർച്ച് തിയേറ്ററിന് മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ. കാർത്തിക ഉദ്ഘാടനം ചെയ്തു. വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമകൾ ബഹിഷ്കരിക്കാൻ സമൂഹം തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ആഹ്വാനം ചെയ്തു.
ഡിവൈഎഫ്ഐ വെസ്റ്റ് ബ്ലോക്ക് സെക്രട്ടറി ഷിനോസ് കരിക്കാട് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ആഷിക്ക് വലിയകത്ത്, ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.എ. സെയ്ഫുദ്ധീൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹസൻ മുബാറക്, കെ.യു. സരിത, എൻ.എസ്. ജിഷ്ണു എന്നിവർ സംസാരിച്ചു.വിദ്വേഷ രാഷ്ട്രീയം പടർത്താനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
‘കേരള സ്റ്റോറി 2’ പ്രദർശനം; കുന്നംകുളം ഭാവന തിയേറ്ററിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി
