ഗുരുവായൂർ ഉൽസവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉൽസവബലി ശനിയാഴ്ച

ഗുരുവായൂർ:ഉൽസവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉൽസവബലി ശനിയാഴ്ച രാവിലെ നടക്കും.
പാണികൊട്ടി ഭഗവാന്റെ ഭൂതഗണങ്ങളെ വരുത്തി ബലികൊടുത്ത് തൃപ്തരാക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ഉൽസവബലി. രാവിലെ പന്തീരടി പൂജക്കുശേഷം ചടങ്ങ് തുടങ്ങും. സങ്കീർണമായ താന്ത്രിക ചടങ്ങുകളുള്ള ഉൽസവ ബലി ക്ഷേത്രം തന്ത്രിയാണ് നിർവഹിക്കുക.
മുപ്പത്തിമുക്കോടി ദേവൻമാരും ഭഗവത്ദർശനത്തിന് ഉത്സവബലി  സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുമെന്നാണ് സങ്കൽപ്പം.
ഇതുകൊണ്ടുതന്നെ അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്.
നാലമ്പലത്തിനകത്ത് തെക്കേമുറ്റത്ത് ഗുരുവായൂരപ്പനെ സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തിയ ശേഷം സപ്തമാതൃക്കൾക്ക് ബലി തൂവും. തുടർന്ന് ബലിവട്ടത്തിലെ ബലിപീഠങ്ങളിൽ നിവേദ്യങ്ങൾ പൂജിക്കും. കൊടിമരത്തിൽ സാന്നിദ്ധ്യമുള്ള ഗരുഡസ്വരൂപിയായ വൈനതേയനും, വലിയ ബലിക്കല്ലിൽ സാന്നിദ്ധ്യമുള്ള പന്ത്രണ്ട് ദേവതകൾക്കുള്ള പൂജകൾ നടക്കും.ഒരു മണിക്കൂറിലധികം സമയം എടുത്താണ് ഈ പൂജകൾ നിർവഹിക്കുക. ഈ സമയം ആന പുറത്ത് ഗുരുവായൂരപ്പൻ എഴുന്നള്ളും. ആന പുറത്തെഴുന്നള്ളുന്ന ഗുരുവായൂരപ്പനെ സാക്ഷി നിർത്തിയാണ് ബലിതൂവൽ ചടങ്ങ് നിർവഹിക്കുക.  ക്ഷേത്രപാലകനുള്ള പൂജയോടെയാണ് ഉത്സവബലി ചടങ്ങുകൾ സമാപിക്കുക. ഉത്സവബലി ദർശിക്കുന്നതിനായി ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക പതിവ്. മണിക്കൂറുകളോളം കാത്ത് നിന്നാണ് ഭക്തർ ഉത്സവബലി ദർശനം നടത്തുക. ഉത്സവബലിയും ഉച്ചപ്പൂജയും കഴിയാൻ വൈകുമെന്നതിനാൽ നാളെ വൈകീട്ട് കാഴ്ചശ്ശീവേലി ഉണ്ടാകില്ല.ഉത്സവബലി നാളിൽ ദേശപ്പ കർച്ചയും ദേശസദ്യയും വിശേഷമാണ്. ഉത്സവബലി നാളിൽ ഭക്തർ പട്ടിണി കിടക്കരുതെന്ന സങ്കല്പത്തിലാണ് ദേശപ്പകർച്ച.എല്ലാ ഭക്തർക്കും സമൃദ്ധിയായി ഉത്സവക്കഞ്ഞിയും മുതിരപ്പുഴുക്കും നൽകും. പക്ഷിമൃഗാദികൾക്കും തീർഥക്കുളത്തിലെ മത്സ്യങ്ങൾക്കുപോലും അന്നം നൽകും.വൈകുന്നേരം നൽകുന്ന ദേശപ്പകർച്ചയ്ക്ക് സദ്യ വട്ടങ്ങൾ ഉണ്ടാകും.
ഞായറാഴ്ച പള്ളിവേട്ടയ്ക്കും തിങ്കളാഴ്ച ആറാട്ടിനും ഗുരുവായൂരപ്പൻ ക്ഷേത്രമതിൽക്കകം വിട്ട് ഗ്രാമപ്രദക്ഷിണത്തിനിറങ്ങും

Leave a Reply

Your email address will not be published. Required fields are marked *