വിജയമുറപ്പിക്കാൻ… മണലൂരിലെ ജനങ്ങൾക്ക് ടി.എൻ പ്രതാപന്റെ പത്ത് ഗ്യാരന്റി

പാവറട്ടി:വികസന,ക്ഷേമ മേഖലകളിൽ പാഴായിപ്പോയ മണലൂർ നിയോജക മണ്ഡലത്തിലെ പത്ത് വർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൻ്റെ ഭാഗമായി ടി.എൻ പ്രതാപൻ പത്ത് ഗ്യാരന്റിയും മണലൂരിനൊരു മാനിഫെസ്റ്റോയും പ്രഖ്യാപിച്ചു.നിയോജകമണ്ഡലത്തിലെ വ്യത്യസ്‌ത മേഖലകളിലുള്ള ജനവിഭാഗങ്ങൾ, ജനപ്രതിനിധികൾ,ശാസ്ത്ര സാങ്കേതിക വിദഗ്ദ‌ർ, എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് പത്ത് ഗ്യാരൻ്റികൾ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനു പുറമെ മണലൂരിന് ഒരു മാനിഫെസ്റ്റോയും തയ്യാറാക്കിയിട്ടുണ്ട്. മണലൂരിൽ നിന്ന് നിയമസഭഅംഗമായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പത്ത് മാസത്തിനുള്ളിൽ പത്ത് ഗ്യാരന്റികൾക്കും തുടക്കം കുറിക്കുമെന്നും ടി.എൻ പ്രതാപൻ സ്ഥാനാർത്ഥി സംഗമത്തിൽ അറിയിച്ചു.
മദർ തെരേസ ഡയാലിസിസ് സെൻ്റർ – പാവപ്പെട്ടവർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സ്ഥാപനം.
ഇന്ദിര ഫാർമസി – അർഹരായ രോഗികൾക്ക് സൗജന്യ നിരക്കിൽ മരുന്ന നൽകുന്ന ഇന്ദിര ഫാർമസികൾ ആരംഭിക്കും.ലീഡർ ക്യാന്റീൻ – വിശപ്പില്ലാത്ത മണലൂർ എന്ന ആശയ സാക്ഷാത്ക്കാരത്തിന് പത്ത് രൂപ നിരക്കിൽ ഉച്ച ഭക്ഷണം ലഭ്യമാക്കുന്ന ക്യാൻ്റീനുകൾ.രാജീവ് ഗാന്ധി സ്റ്റാർട്ടപ്പ് പാർക്ക്: മണലൂർ മണ്ഡലത്തിലെ പ്രവാസികളുടെ സഹകരണത്തോടെ അഭ്യസ്ഥ വിദ്യരായ യുവതി യുവാക്കൾക്ക് തൊഴിലവസരമൊരുക്കുന്ന പദ്ധതി.മണലൂർ ബ്രാന്റ് – മണലൂരിലെ കാർഷിക വിളകൾ, കരകൗശല വസ്തുക്കൾ മറ്റ് തനത് നിർമിതികൾ ഉപയോഗപ്പെടുത്തി മണലൂർ ബ്രാൻ്റ് വിപണിയിലിറക്കും.
ഡോ. എ.പി.ജെ അബ്‌ദുൽകലാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആന്റ് റോബോട്ടിക് ലാബ് – മാറിയ ലോകസാഹചര്യത്തിന് അനുസരിച്ച് പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ എ.ഐ റോബോട്ടിക്ക് ലാബുകൾ സ്ഥാപിക്കും.ഹൃദയ തീരം – വാടാനപ്പള്ളി ബീച്ച്, കനോലി കനാൽ തീരങ്ങൾ, കോൾ നിലങ്ങൾ എന്നിവയെ ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതി.
മണലൂർ മഹിമ ലൈഫ് ഫെസ്റ്റിവലുകൾ – ഒരോ പഞ്ചായത്തിലും തൈക്കാട് മേഖലയിലും മണലൂരിൻ്റെ പൈതൃകം ലോക സമൂഹത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന കലാ-സാഹിത്യ-സാംസ്‌കാരിക-കാർഷിക ഫെസ്റ്റിവലുകൾ സംഘടിപ്പിക്കും.ഫോറസ്റ്റ് ഡിനോട്ടിഫിക്കേഷൻ – പെരിങ്ങാട് പുഴയെയും തീരത്തെയും ആശ്രയിച്ച് ജീവിക്കുന്ന നൂറുക്കണക്കിന് കുടുംബങ്ങൾക്ക് ദോഷകരമായതും ഇടത് സർക്കാർ പ്രഖ്യാപിച്ചതുമായ റിസർവ് ഫോറസ്റ്റ് നോട്ടിഫിക്കേഷൻ റദ്ദാക്കും. മണലൂർ ഡവലപ്മെന്റ് കൗൺസിൽ – എം.സി.ഡി.സി- ഇന്ത്യയിൽ ആദ്യമായി അസംബ്ലി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ, വിദ്യഭ്യാസ, സാംസ്ക്‌കാരിക മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമായി എം.എൽഎ.യുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം വികസന കൗൺസിൽ രൂപീകരിക്കും. ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർവീസിൽ നിന്നും വിരമിച്ചവർ, വിവിധ മേഖലകളിലെ അനുഭവ സമ്പന്നർ ഇവരെയെല്ലാം കോർത്തിണക്കുന്ന എൻ.ജി.ഒയായി ഇത് പ്രവർത്തിക്കും.എന്നിവയാണ് പ്രഖ്യാപിച്ച പദ്ധതികൾ

Leave a Reply

Your email address will not be published. Required fields are marked *