കുന്നംകുളം:ബസ് സ്റ്റോപ്പിൽ ഇരുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പോർക്കുളം മങ്ങാട് പുളിഞ്ചോട് സ്വദേശി കരുമാംപാറ വീട്ടിൽ സുനോജിനാണ് (40) ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പോർക്കുളം കരുവാൻപടി സ്വദേശി സുരേന്ദ്രനെതിരെ കുന്നംകുളം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
വെള്ളിയാഴ്ച രാത്രി 8:15-ഓടെ പോർക്കുളം കരുവാൻപടി ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന സുനോജിനോട് അവിടെനിന്നും എഴുന്നേറ്റ് പോകാൻ സുരേന്ദ്രൻ ആവശ്യപ്പെടുകയും ഇത് തർക്കത്തിൽ കലാശിക്കുകയുമായിരുന്നു. “നീ എന്തിനാടാ ബസ്റ്റോപ്പിൽ ഇരിക്കുന്നത്” എന്ന് ചോദിച്ച് പ്രകോപിതനായ പ്രതി, തൻ്റെ കൈവശമുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് സുനോജിൻ്റെ കഴുത്തിൻ്റെ ഇടതുഭാഗത്ത് കുത്തുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടും മുൻകരുതലോടും കൂടിയാണ് പ്രതി മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തിയത്.
പരിക്കേറ്റ സുനോജിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുനോജിൻ്റെ മൊഴി കുന്നംകുളം എസ്.ഐ സുധീഷ് രേഖപ്പെടുത്തുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് ഇൻസ്പെക്ടർ സനീഷ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോർക്കുളത്ത് ബസ്റ്റോപ്പിൽ ഇരുന്നതിന് കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം
