ഗുരുവായൂർ ക്ഷേത്രപരിസരത്തെ കൊലപാതകം; ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ തെളിവ് –  അഡ്വ.സി.നിവേദിത

ഗുരുവായൂർ: ക്ഷേത്രപരിസരത്ത് കഴിഞ്ഞ ദിവസം നടന്ന വൃദ്ധന്റെ കൊലപാതകം അതീവ ദുഃഖകരവും ഗുരുതരമായ സുരക്ഷാ വീഴ്ചയുടെയും തെളിവാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. സി. നിവേദിത പ്രസ്താവിച്ചു. ഭക്തിസാന്ദ്രമായ ഗുരുവായൂരപ്പന്റെ മണ്ണിൽ ഇത്തരത്തിൽ ഹീനമായ നരഹത്യ നടന്നത് ക്ഷേത്രപരിസര സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും അവർ പറഞ്ഞു. ഇന്നലെ സംസ്ഥാന പോലീസ് മേധാവി ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനായി എത്തിയപ്പോൾ നടത്തിയ പരാമർശങ്ങൾ സ്വാഗതാർഹമാണെങ്കിലും, സ്ഥലത്തെ യഥാർത്ഥ സാഹചര്യം അതിന് വിരുദ്ധമാണെന്നത് പൊതുജനങ്ങൾ അനുഭവിക്കുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിയുന്നവരിലും പാതയോരങ്ങളിൽ ചുരുണ്ടുകൂടി കഴിയുന്നവരിലും ക്രിമിനൽ സ്വഭാവമുള്ളവർ ഉണ്ടെന്ന കാര്യം പലപ്പോഴും നാട്ടുകാരും ഭക്തജനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് ലഭിച്ചിട്ടും വേണ്ടത്ര ഗൗരവത്തോടെ ഇടപെടാത്ത സാഹചര്യം നിലവിലുണ്ട്. ചില വ്യാപാര സ്ഥാപനങ്ങളിലേക്കുപോലും ഇത്തരം ആളുകളുടെ സാന്നിധ്യം വ്യാപിച്ചിട്ടുണ്ടെന്ന പരാതികൾ ഉയർന്നിട്ടും, പരാതിക്കാരെ തന്നെ കുറ്റപ്പെടുത്തുന്ന സമീപനമാണ് പൊലീസിൻ്റെത്.ഇടുക്കി കട്ടപ്പന സ്വദേശിയായ 69 കാരൻ ധനേഷ് കുമാറിനെ ഗുരുവായൂർ ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിന് മുൻവശം ഫുട്പാത്തിൽ കിടന്നുറങ്ങുന്നതിനിടെ തലയിൽ പട്ടികവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് പോലീസിന്റെ അന്വേഷണ മികവാണ്. എന്നാൽ പ്രതിക്ക് ഇതിന് മുമ്പും സമാനമായ കേസുകളിൽ പങ്കുണ്ടായിരുന്നതായി പുറത്തുവന്നിരിക്കുന്നത് അതീവ ആശങ്കാജനകമാണ്. ഇത്തരക്കാരെ മുൻകൂട്ടി നിരീക്ഷിച്ച് നിയന്ത്രണ വിധേയരാക്കുന്നതിൽ വീഴ്ച സംഭവിച്ചോയെന്നത് പരിശോധിക്കപ്പെടണം.ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിയമപാലകരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യവും നിരീക്ഷണവും ശക്തമാക്കണം. പ്രാദേശിക കൂട്ടായ്മകൾ, വ്യാപാരി സംഘടനകൾ, ദേവസ്വം ഭരണസമിതി, പോലീസ്, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സമഗ്ര സുരക്ഷാ അവലോകനം നടത്തണം. ഗുരുവായൂർ ക്ഷേത്രപരിസരം പൂർണ്ണമായും ക്രിമിനൽ സ്വഭാവക്കാരുടെ പിടിയിൽ നിന്ന് മോചിപ്പിച്ച് സുരക്ഷിത തീർത്ഥാടന കേന്ദ്രമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അഡ്വ. സി. നിവേദിത ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *