നടുറോഡിൽ മുട്ടിലിഴഞ്ഞ് പിഞ്ചു കുഞ്ഞ്…ബസ്സ് റോഡിന് നടുക്ക് ചവിട്ടി രക്ഷകനായി ബസ് ഡ്രൈവർ

മലപ്പുറം: കൊണ്ടോട്ടിക്കടുത്തുള്ള വലിയപറമ്പ് ചെറുമുറ്റത്ത് വച്ചാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ചീറി പാഞ്ഞു പോകുന്ന തിരക്കേറിയ മെയിൻ റോഡിലൂടെ ഒരു പിഞ്ചുകുഞ്ഞ് മുട്ടിലിഴഞ്ഞു നീങ്ങുകയായിരുന്നു. ചുറ്റുമുള്ള അപകടങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാതെ റോഡിലേക്ക് ഇഴഞ്ഞുപോയ ആ കുരുന്ന് വലിയൊരു ദുരന്തത്തിന്റെ തൊട്ടരികിലായിരുന്നു. എന്നാൽ ആ സമയം ആ വഴി കടന്നുവന്ന ഒരു സ്വകാര്യ ബസ് ഡ്രൈവറുടെ കണ്ണുകൾ ആ കാഴ്ച കാണുകയും അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടൽ അവിടെ ഒരു വലിയ അത്ഭുതം സൃഷ്ടിക്കുകയുമായിരുന്നു. ബസ് ഓടിക്കുന്നതിനിടയിലാണ് റോഡിന്റെ നടുവിലൂടെ ഇഴയുന്ന ആ കുഞ്ഞിനെ അദ്ദേഹം ശ്രദ്ധിച്ചത്.ഒട്ടും സമയം കളയാതെ,വണ്ടി പെട്ടെന്ന് റോഡിന് നടുവിൽ ചവിട്ടി നിർത്തി ഹോൺ മുഴക്കി എതിരെ വന്ന വണ്ടികളെ നിർത്തിച്ചു. തൊട്ടടുത്ത നിമിഷത്തിൽ സീറ്റിൽ നിന്നും ചാടിയിറങ്ങി അദ്ദേഹം ആ കുഞ്ഞിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു. റോഡിൽ നിന്നും ആ പിഞ്ചോമനയെ നെഞ്ചോട് ചേർത്ത് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി നിർത്തുമ്പോൾ മാത്രമാണ് ആ പരിസരത്തുണ്ടായിരുന്ന മറ്റുള്ളവർക്കും ശ്വാസം നേരെ വീണത്. ഈ ദൃശ്യങ്ങൾ ബസ്സിന്റെ ക്യാമറയിൽ പതിയുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെ വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ഈ മനുഷ്യസ്നേഹിയായ ഡ്രൈവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ജോലിക്കിടയിലും ചുറ്റുമുള്ള ലോകത്തെ ജാഗ്രതയോടെ വീക്ഷിക്കാനും, ഒരു ജീവൻ രക്ഷിക്കാൻ ഒട്ടും മടിക്കാതെ മുന്നോട്ടുവരാനും കാണിച്ച ആ വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

Leave a Reply

Your email address will not be published. Required fields are marked *