ഓപ്പറേഷൻ തൂഫാൻ;മൂന്നിടങ്ങളിൽ നിന്നായി 308 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു,രണ്ട് യുവതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഗുരുവായൂർ : “തൂഫാൻ സ്ട്രൈക്ക്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ മയക്കുമരുന്ന് വേട്ട. തൃശൂർ സിറ്റി പോലീസിന്റെ നേത്യത്വത്തിൽ നടത്തിയ ശക്തമായ പരിശോധനകളിൽ മൂന്നിടങ്ങളിൽ നിന്നായി 308 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവതികൾ ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ജൂൺ 26-ന് ആരംഭിച്ച പ്രത്യേക പരിശോധനയിലാണ് മയക്കുമരുന്ന് സംഘത്തിന്റെ ആദ്യ കണ്ണി പോലീസിന്റെ വലയിലാകുന്നത്. ഡാൻസാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി വാണിയമ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് ആദ്യ അറസ്റ്റ് നടന്നത്.പാലക്കാട് മുതലമടയിലെ റിസോർട്ടിൽ നിന്നും ത്യശൂരിലേക്ക് സ്വിഫ്റ്റ് കാറിൽ വരികയായിരുന്ന സംഘത്തെ പീച്ചി പോലീസും ഹൈവേ പോലീസും ചേർന്ന് തടഞ്ഞുനിർത്തുകയായിരുന്നു.ഇവരിൽ നിന്ന് 2 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.പാവറട്ടി കാക്കശ്ശേരി സ്വദേശി ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28), അകതിയൂർ സ്വദേശി ജിഷ്‌ണു (27), നമ്പഴിക്കാട് സ്വദേശി ശ്രീലക്ഷ്‌മി (20) എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലായ ഷിഫാസിനെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 27-ന് പുലർച്ചെ പാവറട്ടി ബണ്ട് റോഡിന് സമീപമുള്ള ഇയാളുടെ വീട്ടിൽ പോലീസ് റെയ്‌ഡ് നടത്തി. ഇവിടെ നിന്ന് 18 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തു. ഇതോടെ ആകെ മയക്കുമരുന്ന് ശേഖരം 20 ഗ്രാമായി.പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഷിഫാസിന്റെ സുഹ്യത്തായ സുമേഷ് ഇവിടെ നിന്ന് വൻതോതിൽ മയക്കുമരുന്ന് മാറ്റിയതായി പോലീസിന് മനസ്സിലായി. തുടർന്ന് പ്രതികളുടെ മൊബൈൽ ഫോണുകൾ, ചാറ്റുകൾ, കോൾ റെക്കോർഡുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണമാണ് വലിയൊരു മയക്കുമരുന്ന് ശേഖരത്തിലേക്ക് പോലീസിനെ നയിച്ചത്.തൃശൂർ ഡാൻസാഫ് ടീമും കുന്നംകുളം സ്‌ക്വാഡും സംയുക്തമായി ചാവക്കാട് പഞ്ചാരമുക്കിൽ നടത്തിയ റെയ്‌ഡിലാണ് പ്രധാന മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ചാവക്കാട് പഞ്ചാരമുക്കിൽ പ്രവർത്തിക്കുന്ന ‘ഫേബ് അലൂമിനിയം ഫാബ്രിക്കേഷൻ’ എന്ന സ്ഥാപനത്തിൽ ഒളിപ്പിച്ച നിലയിൽ 288 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് എളവള്ളി സ്വദേശി ടി.ടി. സുമേഷ് (25), ചാവക്കാട് സ്വദേശികളായ ഷെബീർ (34), അൻഷാദ് (31), എന്നിവരെ പോലീസ് പിടികൂടി.നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ പി. ഷിബു, പീച്ചി പോലീസ്, ഡാൻസാഫ് സ്ക്വാഡ് സബ് ഇൻസ്പെക്ട‌ർ വിജിത്ത് എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധനകൾ പൂർത്തിയാക്കിയത്. അറസ്റ്റിലായ സുമേഷിനെ കൂടുതൽ അന്വേഷണത്തിനായി പിച്ചി പോലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *