ഗുരുവായൂരിൽ നാല്പതാമത് കൃഷ്ണ ഗീതി ദിനാഘോഷം

ഗുരുവായൂർ:ഗുരുവായൂരപ്പന്റെ ”കൃഷ്ണനാട്ടം” ഗുരുവായൂരിൽ നാല്പതാമത് കൃഷ്ണഗീതി ദിനം നവം. 16 ന് വ്യാഴാഴ്ച അതിവിപുലമായി ആഘോഷിക്കുന്നു.കൃഷ്ണനാട്ടം കളിയോഗം ആദ്യം ഗുരുവായൂരപ്പന്റെ സോപാനത്ത് സമർപ്പിച്ചത്1952 നവംബർ 16 ന് !!ആദ്യത്തെ ചൊല്ലിയാട്ടത്തിന് കുട്ടികൾക്ക് പ്രാതൽ കൊടുപ്പാൻ 23 ദിവസത്തേക്ക് ചിലവ് 87 ക.5 ണ.3 പ. കളിയോഗം കളരിക്ക് സത്രത്തിൽ 42 അടി നീളത്തിൽ ഷെഡ്ഡ്.!! 8 ദിവസത്തെ കൃഷ്ണനാട്ടം കളിക്ക് ചെലവ് 440/ക!!
1130 കന്നി മാസം 1 ന്(1954) കൃഷ്ണനാട്ടം കളി യോഗം ദേവസ്വത്തിൽ നിന്നും സാമൂതിരി കോവിലകത്തേക്ക് തിരിച്ചേൽപ്പിച്ചു.!!
4 വർഷത്തെ ഇടവേളക്ക് ശേഷം 1958 ജനവരി 1 ന് വീണ്ടും കൃഷ്ണനാട്ടം കളി യോഗം ദേവസ്വത്തെ ഏൽപ്പിച്ചു.
1959 ഡിസംബർ 1 മുതൽ കൃഷ്ണനാട്ടം കളിയോഗത്തിന് സി.ആർ.രാമൻനമ്പൂതിരി ആദ്യത്തെ കലാനിലയം സൂപ്രണ്ട് !!
1977 ൽ ആദ്യത്തെ അംഗീകാരം !കൃഷ്ണനാട്ടത്തിന് കേന്ദസംഗീത നാടക അക്കാദമി അവാർഡ് രാഷ്ട്രപതി നീലം സഞ്ചീവറെഡ്ഡിയിൽ നിന്നും ആശാൻ ശങ്കരൻനായർ ഏറ്റുവാങ്ങി !!
1980 ൽ ആദ്യമായി വിദേശത്ത് കൃഷ്ണനാട്ടം കളിച്ചു. പിന്നീട് 2010ലും,2015 ലും .1987 ൽ ബദരീനാഥ് സന്നിധിയിൽ കൃഷ്ണനാട്ടം കളി. ഗുരുവായൂരപ്പന്റെ കൃഷ്ണനാട്ടം , ഭക്തനായ കോഴിക്കോട് സാമൂതിരിരാജ യെന്ന മാനവേദ മഹാകവി… ഗുരുവായൂരപ്പനെ പരമപൂജ്യനായ വില്വമംഗലം സ്വാമിയാരുടെ സഹായത്തൊടെ നേരിൽകാണാൻ ഭാഗ്യം ലഭിച്ച പരമഭക്തൻ, ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നാം കാണുന്ന പരിപാവനമായ കൂത്തമ്പലത്തിന്റെ സ്ഥാനത്ത് ഉണ്ടായിരുന്ന എരിഞ്ഞിമരച്ചുവട്ടിൽ മൺചിരട്ടിയിൽ മണ്ണുവാരിക്കളിക്കുന്ന മനോഹരരൂപിയായ ഉണ്ണികൃഷ്ണനെ , സാക്ഷാൽ ഗുരുവായൂരപ്പനെ, കണ്ട്, ഭക്ത്യാവേശപൂർവം,ഭക്തനായ മാനവേദൻ തമ്പുരാൻ വാരിപ്പുണരാൻ ശ്രമിച്ചുവെന്നും തൽസമയം, ദർശനത്തിന് മാത്രമേ അനുവാദമുള്ളൂ,സ്പർശനത്തിന് ഇല്ലെന്നും,അശരീരി ഉണ്ടായെന്നും,വാരിപ്പുണരാൻ ശ്രമിച്ചപ്പോൾ ഓടിമറഞ്ഞ കണ്ണനുണ്ണിയുടെ മനോഹരമായ ശിരസ്സിൽ നിന്നും അടർന്നു വീണ ദിവ്യമായ” മയിൽപ്പീലി” മാനവേദ . കവിക്ക് ലഭിച്ചുവെന്നും,ആ മയിൽപ്പീലി ധ്യാനിച്ച് സാമൂതിരി മാനവേദൻ തമ്പുരാൻ കൃഷ്ണഗീതി എന്ന ഭക്തികാവ്യം എഴുതിയെന്നും,ആ ഭക്തികാവ്യം 8 കഥകളിലൂടെ ദൃശ്യാവിഷ്കാരം രൂപപ്പെടുത്തി ഗുരുവായൂരപ്പന് സമർപ്പിച്ചു.ആ കലാരൂപമാണ് കൃഷ്ണനാട്ടം എന്നത്രേ ഭക്തജന വിശ്വാസം .പഴയ കാലങ്ങളിൽ നമജപ സംകീർത്തനാദികളും,ഭാഗവത_ ഭഗവത്ഗീതാ സപ്താഹങ്ങളും നടന്നു വന്നിരുന്ന കൂത്തമ്പലം, ഇന്ന് നിത്യവും വേദ പാരായണവും,വിശേഷ ദിനങ്ങളിലെ ചാക്യാർകൂത്തും നടക്കുന്ന പവിത്രമായ കൂത്തമ്പലം,ഇന്നും ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിലെ മണ്ഡപത്തിൽ തെളിയുന്ന ഭദ്രദീപം ഭക്തിയോടെ, ശ്രദ്ധയോടെ ദർശനം നടത്തി ഭക്ത മഹാജനം ആരാധന നടത്തുന്നു.ഭക്തജനങ്ങൾ വിശ്വാസപൂർവ്വം ഗുരുവായൂരപ്പന്റെ സന്നിധിയിൽ വളരെ പ്രാധാന്യത്തോടെ ഇന്നും സമർപ്പിക്കുന്ന ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു വഴിപാട് കൃഷ്ണനാട്ടം കളിയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ മഹത്വമേറിയ പ്രധാനമായ ഒരു വരുമാന സ്രോതസ്സ് കൂടിയാണ് കൃഷ്ണനാട്ടം കലാരൂപം. ചരിത്രഗവേഷകനായിരുന്ന യശശ്ശരീരനായ ഡോ.എൻ.എം.നമ്പൂതിരിയുടെ വാക്കുകൾ പരിശോധിച്ചാൽ ഗുരുവായൂർ ക്ഷേത്രം, സാമൂതിരി നാട്ടിലെ ഒരു ഭക്തി കേന്ദ്രവും,ശക്തികേന്ദ്രവുമാകുന്നതിന്റെ മുന്നോടിയായിരുന്നു കൃഷ്ണനാട്ടം. ഒരേ സമയത്ത് ഭക്തിയുടേയും, ഭരണത്തിന്റെയും ഉപകരണവുമായിരുന്നു കൃഷ്ണനാട്ടം. ഒരു കൊല്ലം ചുരുങ്ങിയത് 150 അരങ്ങുകളെങ്കിലും കൃഷ്ണനാട്ടത്തിന് ഉണ്ടായിരുന്നു വെന്നും, സാമൂതിരി നാട്ടിലെ ഒട്ടെല്ലാ പ്രഭു കുടുംബങ്ങളിലും വഴിപാടു കളിയായും,സേവയായും, കൃഷ്ണനാട്ടം അവതരിപ്പിച്ചിരുന്നുവെന്നും ഡോക്ടർ നമ്പൂതിരി രേഖപ്പെടുത്തിയിട്ടുണ്ട്.മാത്രവുമല്ല സാമൂതിരി നാട്ടിലെ ഭൂഇടപാടുകളിൽ കുടിയാൻമാർ ഒരു പണം വീതം ഓരോ കൊല്ലവും കൃഷ്ണനാട്ടത്തിനു നൽകാൻ വ്യവസ്ഥ പ്രകാരം ബാദ്ധ്യസ്തരുമായിരുന്നുവത്രെ. ഇങ്ങനെ സാമൂതിരി യുടെ ഭരണപ്രദേശങ്ങളിലെ ജനങ്ങൾ മുഴുവൻ ഗുരുവായൂരുമായി ബന്ധിക്കപ്പെട്ടുവെന്നും നമ്പൂതിരി വ്യക്തമാക്കുന്നു.കളിച്ചു കിട്ടുന്ന സംഖ്യയുടെ ഒരു പങ്ക് ഗുരുവായൂർ സേവ ചെലവിനും,നമസ്കാരത്തിനും,പതഹാരത്തിനും നീക്കി വെക്കുന്നു. 4 ശതമാനം സേർച്ച്,8 ശതമാനം നമസ്കാരച്ചെലവിന്,7 ശതമാനം പതഹാരം, ഇങ്ങനെ ഓരോകളിയുടേയും ഇരുപത് ഇരുപത്തഞ്ച് ശതമാനം ക്ഷേത്രവരുമാനത്തിലേക്കും,ഏതാണ്ട് 15 ശതമാനം സാമൂതിരി ഭണ്ഡാരത്തിലേക്കുമായിരുന്നുവത്രെ. ശേഷിച്ച 65 ശതമാനത്തിൽ ചെലവു കഴിച്ച് ,ഒന്നര ശതമാനം കളിക്കാരിൽ ഒരൊന്നാംകിടക്കാരന് അനുവദിക്കും.ആകെ കളിക്കാർ 16 പേരാണ്. നാല്പതോളം പേർക്ക് ഒരു ശതമാനവും,പണ്ടാരത്തിലേക്കും ഗുരുവായൂരേക്കും,കളിയിൽ നിന്നുള്ള വരുമാനം കൂടാതെ മിച്ചവാരത്തിൽ ഒരു പണം സമസ്ത കുടിയാന്മാരിൽ നിന്നും ലഭിക്കുമത്രെ. കൃഷ്ണനാട്ടത്തോടെ ഗുരുവായൂരിന്റെ സമ്പദ് ഘടനക്ക് വളർച്ചയുണ്ടായി എന്നും ഡോ നമ്പൂതിരി അഭിപ്രായപ്പെടുന്നു. ഇന്നും ഗുരുവായൂർ ക്ഷേത്രവരുമാനത്തിൽ വലിയൊരു പങ്ക് ഭക്തജനങ്ങൾ പലവിധ സങ്കൽപങ്ങളിലൂടെ നടത്തുന്ന കൃഷ്ണനാട്ടം എന്ന വഴിപാടു മൂലം തന്നെയെന്നതിന് ആർക്കും സംശയമില്ല. കോഴിക്കോട് സാമൂതിരി കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന "കൃഷ്ണനാട്ടം" കളിയോഗം ഗുരുവായൂർ ദേവസ്വത്തിലേക്ക് ഏൽപ്പിക്കുന്നതിന് ഒറ്റപ്പാലം സബ്ബ് റജിസ്റ്റ്രാപ്പീസിൽ റജിസ്റ്റർ ചെയ്ത് 1952 നവംബർ 16 നാണ് ഗുരുവായൂരപ്പന്റെ സോപാനത്ത് രജിസ്റ്റർ ചെയ്ത ആധാരം ആദ്യമായി സമർപ്പിച്ചത്. അതിനു മുമ്പ് കൃഷ്ണനാട്ടം കളി ഗുരുവായൂർ ക്ഷേത്രത്തിൽ പല ഘട്ടങ്ങളിലായി നടന്നു വന്നിരുന്നതായി സാമൂതിരി രേഖകൾ വ്യക്തമാക്കുന്നുണ്ട്. 1939 ൽ പുല നിമിത്തം കൃഷ്ണനാട്ടം അരങ്ങേറ്റം നടത്താൻ തരമാവാത്തതിനാൽ ഇക്കൊല്ലത്തെ അരങ്ങേറ്റം ഗുരുവായൂർ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നതായുംആയതിന് കളിയോഗക്കാരെ കമ്മറ്റിക്കാരോടുകൂടി അയച്ചിട്ടുണ്ടെന്നും, അരങ്ങേറ്റം കഴിഞ്ഞ് പതിവു പ്രകാരമുള്ള സേവ കളിക്കുവാൻ ഉത്സവം തുടങ്ങുന്നതിനു മുമ്പ് 9 ദിവസത്തെ കളി കഴിഞ്ഞതിനുശേഷം സേവ വേണ്ട എന്ന് ജനങ്ങൾക്ക് അഭിപ്രായമുള്ള പക്ഷം മറ്റിടങ്ങളിലെ കളിക്ക് ശേഷം മടക്കത്തിൽ അവിടെ വന്ന് സേവകളിക്കുന്നതാണെന്നും കീഴ്ക്കട പ്രകാരം പതകാരം വക 29 ക 11 ണ 7 പൈ ദേവസ്വത്തിൽ അടക്കണമെന്നും 1111 കുംഭം 7 ആനുത്തെ സാമൂതിരി പ്പാടിന്റെ തിട്ടൂരം അന്നത്തെ സംപ്രദായം വ്യക്തമാക്കുന്നു. 1940 മാർച്ച് 15 ലെ സാമൂതിരിപ്പാടു തമ്പുരാന്റെ ഒരുതിട്ടൂരമിങ്ങനെ..."മാങ്കുളത്ത് വാരിയത്ത് കുഞ്ഞൻ കൃഷ്ണനാട്ടം തർജ്ജമ ചെയ്ത് ഭഗവാങ്കൽ സമർപ്പിച്ച് ഭജിച്ചാൽ കൊള്ളാമെന്ന് ഇവിടെ അപേക്ഷിച്ചിരിക്കുന്നു. കുഞ്ഞൻ അവിടെ താമസിക്കുന്ന ദിവസങ്ങളിൽ ഭക്ഷണം ദേവസ്വത്തിൽ നിന്ന് കൊടുത്തുകൊൾവാൻ സമ്മതിച്ചിരിക്കുന്നു. നമ്മുടെ വക രണ്ടര നാരായം അരി നിവേദ്യത്തിൽ നിന്ന് ഭജനക്കാർക്ക് കൊടുക്കുന്ന അരനാരായം ചൊറ് ഈ ഹരജിക്കാരന് കൊടുക്കാൻ അനുവദിച്ചിരിക്കുന്നതായും1115 മീന ഞായറിലെ,സാമൂതിരി രാജയുടെ തിട്ടൂരത്തിലെ കൗതുകമാണ്. എന്നാൽ കൃഷ്ണഗീതി കാവ്യം തർജ്ജമ ചെയ്ത മാങ്കുളത്ത് വാരിയരുടെ പുസ്തകം നിലവിലുണ്ടോ എന്നൊന്നും അറിവില്ല.എങ്കിലും ഗുരുവായൂർ ദേവസ്വം സഹായത്തോടെ 1965 ൽ പ്രൊ.പി.സി.വാസുദേവൻ ഇളയത് അവർകൾ തയ്യാറാക്കിയ മലയാള വിവർത്തനത്തോടുകൂടിയ "കൃഷ്ണനാട്ടം " പുസ്തകം ഇന്ന് ദേവസ്വം പ്രസിദ്ധീകരണമായി ഭക്തജനങ്ങൾക്ക് ലഭ്യമാണ്. കൃഷ്ണനാട്ടം ആസ്വാദകർക്കും, സാമാന്യ വായനക്കാർക്കും കൃഷ്ണനാട്ടത്തെ കുറിച്ചറിയാൻ സഹായകമായ ഒരു ചെറു കൈപുസ്തകം 2008 ൽ ഗുരു,ഗുരുവായൂർ തയ്യാറാക്കിയത് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഏതായാലും 70 വർഷം മുമ്പ് കൃഷ്ണനാട്ടം കളി യോഗം ദേവസ്വത്തെ ഏൽപ്പിക്കുന്നതിന്റെ പ്രാരംഭനടപടികളുടെ ഭാഗമായി1952 സെപ്റ്റംബർ 19 ന് ദേവസ്വം മാനേജർക്ക് നൽകിയ അന്നത്തെ സാമൂതിരിപ്പാട് തമ്പുരാൻ, വിദ്യാരംഭം കഴിഞ്ഞ ഉടനെ കച്ചകെട്ടും, ചൊല്ലിയാട്ടവും,നടത്തേണ്ടതുണ്ടെന്നും, അതിനു തക്കവണ്ണം സത്രത്തിൽ കിഴക്ക് പടിഞ്ഞാറ് 42 അടി നീളത്തിൽ കളരിക്ക് ഒരു ഷെഡ്ഡ് പണിയിക്കണമെന്നും,ഷെഡ്ഡിന്റെ വലുപ്പം മുതലായവ കളിയോഗം പ്രസിഡണ്ട് കെ.രേവുണ്ണിയുമായി ആലോചിച്ച് തീർച്ചപ്പെടുത്തുകയും,ഷെഡ്ഡിന്റെ പ്രവർത്തി അടിയന്തിരമായി തുടങ്ങണമെന്നും നിർദ്ദശിച്ചു.കൂടാതെ ചൊല്ലിയാട്ടം, നടത്തുന്ന ദിവസങ്ങളിൽ കൃഷ്ണനാട്ടം കളി യോഗത്തിലുള്ള കുട്ടികൾക്ക് പ്രാതൽ കൊടുപ്പാൻ ഏർപ്പാടു കടം ചെയ്തതിന് 1128 ധനു 23 മുതൽ മകരം 15 കൂടി 23 ദിവസത്തേക്ക് ദിനം 1 ക്ക് 3 ക.12 അണ 9 പ.വീതം 87 ക.5 ണ.3 പ. ഇതിന്ന് ചെലവു ചെയ്യാനും സാമൂതിരിപ്പാട് തമ്പുരാന്റെ തിട്ടൂരം ഉണ്ടായി. ക്ഷേത്രത്തിൽ മുല്ലശ്ശേരി ശങ്കുണ്ണി എന്ന ഭക്തന്റെ വകയായി 8 ദിവസത്തെ കൃഷ്ണനാട്ടംകളിക്ക് 440/_ ക യാണ് ദേവസ്വം ടിയാനിൽനിന്നും വസൂലാക്കിയത്. ക്ഷേത്രത്തിൽ വെച്ചല്ലാതെ നടത്തുന്ന പുറംകളിക്ക് 125/ക.യാണ് അക്കാലത്ത് വസൂലാക്കാൻ ദേവസ്വം മാനേജർക്ക് ഉത്തരവുണ്ടായിരുന്നത് .പുറംകളിക്ക് ഒരു ലിസ്റ്റും ഉണ്ടായിരുന്നു. എന്നാൽപുംകളിക്ക് സംഖ്യ കുറച്ചധികമാണെന്ന മാനേജരുടെ അഭിപ്രായം പരിഗണിച്ച് കളി ഒന്നുക്ക് 75/ക വീതം വസൂലാക്കാൻ അനുവദിച്ചു കൊണ്ടും,അണിയറ ചിലവ് ,വിളക്കിനെണ്ണ,കളിക്കാർക്ക് വഴിച്ചിലവ്,രണ്ടുനെരത്തെ ഭക്ഷണം,പെട്ടിക്കാർക്കുള്ള ചിലവ് ,എന്നിപ്രകാരം വഴിപാടുകാരോട് വസൂൽ ചെയ്യണമെന്നും,കളിക്കാർക്ക് അലവൻസ് വകയിൽ 25 ക.നൽകി,കഴിച്ച് ബാക്കി ദേവസ്വത്തിൽ മുതൽ കൂട്ടണമെന്നും കൊച്ചി, തിരുവിതാംകൂർ സ്ഥലങ്ങളിൽ കളി നടത്തിക്കുന്ന കാര്യത്തെപ്പറ്റി വഴിയെ കല്പന അയക്കുന്നതാണെന്നും 1953 മാർച്ച് 30 ലെ സാമൂതിരിരാജയുടെ തിട്ടൂരത്തിലുണ്ട്. മാനേജരുടെ എന്നാൽ കൊല്ലവർഷം 1130 കന്നി മാസം ഒന്നാം തിയ്യതി ഗുരുവായൂർ ദേവസ്വത്തിൽ നിന്നും കൃഷ്ണനാട്ടം കളിയോഗം സാമൂതിരി കോവിലകത്തേക്ക് തിരികെഅയച്ചു. ആയ്ത് കോവിലകത്ത് സ്വീകരിച്ച സാഹചര്യത്തിൽ കളിയോഗം വക സാധനങ്ങൾ ലിസ്റ്റു പ്രകാരമുള്ളത് കിട്ടിയെന്നും,1954 സെപ്റ്റംബർ 1 മുതൽ 15 കൂടിയ ദിവസങ്ങളിൽ കളിക്കാർക്ക് ശംബളംദേവസ്വം നൽകിയതും, സാധനങ്ങൾ എത്തിച്ചതിന് 10 ക.കളിയോഗം പ്രസിഡണ്ടിന് നൽകിയതും സമ്മതിച്ചതായും,ഒട്ടാകെ കണക്കയക്കണമെന്നും,കരാറാധാരങ്ങൾ ഒഴിമുറിക്ക് വെണ്ടത് പ്രവർത്തിക്കണമെന്നുമുള്ള നിർദ്ദേശം സാമൂതിരിപ്പാടു തമ്പുരാന്റെ കന്നിമാസം 9 ലെ തിട്ടൂരം വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ കൃഷ്ണനാട്ടം കളി യോഗം ദേവസ്വത്തിന്റെ അധീനതയിലായിട്ട് സപ്തതി യുടെ നിറവിലായി. എങ്കിലും ചില സാമ്പത്തിക പ്രതിസന്ധികളുടെ ഭാഗമായി 3 വർഷത്തെ ഇടവേള മൂലം കൃഷ്ണനാട്ടം കളിയോഗം ഗുരുവായൂർ ദേവസ്വത്തിന്റെ അധീനതയിലായിട്ട് ഇക്കഴിഞ്ഞ 2023 ജനവരി 1 ന് 65 വർഷം തികഞ്ഞു എന്ന് പറയാം. ചിലവുസംബന്ധമായ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ദേവസ്വത്തിൽ നിന്നും കൃഷ്ണനാട്ടം കളി യോഗം 1954 ൽ സാമൂതിരി കോവിലകത്തേക്കുതന്നെ തിരികെ വാങ്ങി. എന്നാൽ 4 വർഷം കഴിഞ്ഞപ്പോൾ 1958 ൽ സാമൂതിരി കോവിലകത്ത് നിന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ ചുമതലയിൽ തന്നെ കളിയോഗം വീണ്ടും ഏൽപ്പിക്കുകയായിരുന്നു.ഇത്,ഗുരുവായൂരപ്പന്റെ നിയോഗമായി ഭക്തജനങ്ങൾ വിശ്വസിക്കുന്നു. ദേവസ്വം അധീനതയിൽ വന്നതിനു

ശേഷം കൃഷ്ണനാട്ടം കളി യോഗം നടത്തിപ്പിന്നായി ആദ്യം ഒരു സബ്ബ് കമ്മിറ്റിയെ ദേവസ്വം ചുമതലപ്പെടുത്തി. ഇതിനെതുടർന്ന് 1958 ഏപ്രിൽ 27 ന് സബ് കമ്മിറ്റി യോഗം ചേർന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ ക്ഷേത്രകലാനിലയം നിലവിൽ വന്നു. സർവ്വശ്രീ. എം.മുകുന്ദരാജാ,ആറ്റൂർ കൃഷ്ണപ്പിഷാരോടി,കെ.സി.മരുമകൻരാജാ, ഗുരുവായൂർ ദേവസ്വം മാനേജർ എന്നിവർ ഉൾപ്പെട്ട സബ്ബ് കമ്മിറ്റി ദേവസ്വത്തിന്റെ കീഴിൽ കൃഷ്ണനാട്ടം കളി പഠിപ്പിക്കേണ്ടതിന് ചിലവ്യവസ്ഥകളും എടുക്കേണ്ട സ്റ്റാഫ് ഇപ്രകാരമാണെന്നും നിശ്ചയിച്ചു. എ) പാട്ടിന് ആൾ 2, ബി)ചൊട്ടിക്ക് ആൾ _1, സി) ശുദ്ധമദ്ദളത്തിന് ആൾ _1, (ഡി) വേഷത്തിന് ആൾ _2. ,കൂടാതെകളരി സൂപ്രണ്ടായി പ്രതിമാസം 100/ക(നൂറൂറുപ്പിക) ശമ്പളത്തിൻമേൽ (അലവൻസ് അടക്കം) തക്കതായ ഒരാളെ നിശ്ചയിക്കേണ്ടതാണെന്നും,കൃഷ്ണനാട്ടത്തിന്ന് ഇപ്പോൾ കൊടുത്തുകൈണ്ടിരിക്കുന്ന ശമ്പളനിരക്ക് മാറ്റി താഴെ വിവരിക്കുംപ്രകാരം മാറ്റേണ്ടതാണെന്നും ശുപാർശ ചെയ്തു.അതായത് 50/ക. ക്കാർക്ക് 60/കയും,42ക.8ണ.ക്കാർക്ക് 50/കയും,35/ക.ക്കാർക്ക് 40/കയും,32 ഉം30 ഉം കക്കാർക്ക് 35/കയും,25ക.ക്കാർക്ക് 30/കയും,കൊടുക്കേണ്ടതാണ്.അടുത്തവർഷത്തെ ചിലവിന്ന് എസ്റ്റിമേറ്റുംതയ്യാറാക്കി .അത് ഇപ്രകാരമായിരുന്നു.
കൃഷ്ണനാട്ടം കളിക്കാർക്ക് ശമ്പളം12000/ക. മേൽവിവരിച്ചപ്രകാരം ജാസ്തിവരുന്ന സംഖ്യ_2100/ക.സറ്റൈഫന്റ്2400/ക, സൂപ്രണ്ട് ന് ശംമ്പളം 1200/ക.,കളിപ്പെട്ടി നന്നാക്കാൻ 500/ക,കോപ്പ് സാമാനങ്ങൾ നന്നാക്കാൻ 2000/ക,അഭ്യാസച്ചിലവ്_500/ക,ഉദ്ഘാടനച്ചിലവ് 1000/ക, ക്ലാർക്കിന്റെ ശംമ്പളം_240/ക,സ്റ്റേഷനറിഅച്ചടി ചിലവ്_250/ക,മെമ്പർമാരുടെ സിറ്റിങ് അത് ഫീ,യാത്രാചിലവ് മുതലായത് 3000/ക,പുതിയ ആശാൻമാർക്ക് ശംമ്പളം3000/ക,കെട്ടിടങ്ങൾക്ക്20000/ക ആകെ48190/ക.
ക്ഷേത്രംവാദ്യത്തിൽ ശുദ്ധമദ്ദളം ,ചെണ്ട എടയ്ക്ക,എന്നിതുകൾക്ക് രണ്ട് കുട്ടികൾവീതം മാസത്തിൽ 30/ക സ്റ്റൈപ്പന്റ് കൊടുത്ത് അഭ്യസിപ്പിക്കുവാനും,ചെണ്ട,എടയ്ക്ക ഇതുകൾക്ക് ഒന്നും,മദ്ദളത്തിന്ന് ഒന്നും,60/ക.വീതം മാസപ്പടിയിൻമേൽ തക്കതായ രണ്ട് ആശാൻമാരെ തെരഞ്ഞെടുത്തും നിശ്ചയിക്കേണ്ടതാണെന്നും ശുപാർശ ചെയ്തു.ഈ സബ്ബ് കമ്മിറ്റി തയ്യാറാക്കിയ”ക്ഷേത്രകലാനിലയം” ഭരണഘടന റൂൾസും,മറ്റുഅനുബന്ധകാര്യങ്ങളും മേൽപ്രകാരം സബ്ബ് കമ്മിറ്റി അംഗങ്ങളും,പി.ആർ.പരമേശ്വരപ്പണിക്കർ,ശ്രീമതി.രത്നം തമ്പുരാൻ,ശ്രീ.പുത്തേഴത്ത് രാമൻമേനോൻ,എൻ.നാരായണമേനോൻ,എന്നിവരും കൂടി ഉൾപ്പെടെയുള്ള ഗുരുവായൂർ ദേവസ്വം കലാനിലയം അഡ്വൈസറി ബോർഡ് യോഗം ചേർന്ന് അംഗീകരിച്ചു. പാലക്കാട് കല്ലേക്കുളങ്ങര റസ്റ്റ് ഹൗസിൽ വെച്ച് നടന്ന,എച്ച് ആർ.&സി.ഇ.കമ്മീഷണറുടെയും, ഗുരുവായൂർ ദേവസ്വം അധികൃതരുടേയും സംയുക്ത മായ ചർച്ചകൾ ക്ക്ശേഷം കലാനിലയം എക്സിക്യൂട്ടീവ് കമ്മറ്റിയുടെ 1959 നവംബർ 21 ലെ തീരുമാനപ്രകാരം കൂത്താട്ടുകുളം,ചെറുവള്ളിമന രാമൻ നമ്പൂതിരി യെ മാസം 100/_ക മൊത്തശംബളത്തിൽ ആദ്യത്തെ കലാനിലയം സൂപ്രണ്ടായി താൽക്കാലിക മായി നിശ്ചയിച്ചു. ഏതാനും മാസങ്ങൾക്ക് ശേഷം ഗുരുവായൂരപ്പന്റെ സേവനത്തിൽ നിന്നും അദ്ദേഹം ഒഴിവായതിനെ തുടർന്ന് എ.സി.ഗോദവർമ്മരാജ 1961 നവംബർ 2 ന് പുതിയ കലാനിലയം സൂപ്രണ്ട് ആയി നിയമിതനായി. എച്ച് ആർ&സി.ഇ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിയോടെ അന്ന് 80_180 എന്ന ശംബളസ്കെയിലിലായിരുന്നു പുതിയ നിയമനം.
നൂറ്റി എട്ട് വർഷംമുമ്പ് കൊല്ലവർഷം 1091 ൽ സാമൂതിരി കോവിലകം ആസ്ഥാനത്തിന്റെ കീഴിൽ കൃഷ്ണനാട്ടം കളി യോഗം ഉണ്ടായിരുന്ന കാലഘട്ടത്തിലെ കളിയോഗം കലാകാരന്മാരുടെ ഒരു നിവേദനത്തിൽ മാസംതോറും മാസപ്പടി കിട്ടണം എന്ന് ആവശ്യപ്പെട്ട് ആസ്ഥാനത്തേക്ക് അന്നത്തെ കളിയോഗക്കാരായ സർവ്വശ്രീ.കൊല്ലങ്ങോട്ട് സുന്ദരഭാഗവതര,മെയാട്ട് കുഞ്ഞൻ പണിക്കര,ചാത്താങ്കണ്ടത്ത് നാണു മേനോൻ,കണക്കവീട്ടിൽ ശാമിനായര,മാനത്ത് രാമമേനോൻ,പടിയിൽ ഗോപാലൻനായര,പെരുമ്പാത്ത് കേശവൻ നായര,കുന്നെക്കാട്ട് അച്ചുതൻ നായര,ചെറുവട്ടത്ത് കുഞ്ഞിക്കൃഷ്ണൻ നായര,പാലക്കൽ അച്ചുതൻനായര,പെരുമ്പാതത് രാമൻനായര,പാര്ക്കില് കരുണാകരൻ നായര, ഗോവിന്ദൻ നായര,കിഴൂര് രാവുണ്ണി വാരിയര്,വെട്ടത്ത് ഉണ്ണിനമ്പി ഏറാടി എന്നിവർ “മകരം 10 ആംനുയോടുകൂടി കളിയോഗക്കാര് ഗുരുവായൂര് ഭഗവാനെ സെവിപ്പാനും,മറ്റു കളികൾകൾക്കായി പുറപ്പെടുന്നതിനു മുമ്പ് മാസപ്പടി യുടെ കാര്യം തീർച്ചപ്പെടുത്തി ഈ കഴിഞ്ഞ കന്നി മുതൽക്കുള്ള മാസപ്പടി തരുവാൻ കൽപ്പനയുണ്ടാവേണ്ടതിന് അടിയങ്ങൾ എല്ലാവരും താഴ്മയോടും കൂടി അപേക്ഷിക്കുന്നു.” എന്നാണ്. സാമൂതിരി തമ്പുരാൻറെ അനുവാദം വാങ്ങി കൃഷ്ണനാട്ടം കളിയോഗക്കാർ കിഴക്കെ കോവിലകം,അമ്പാടി കോവിലകം, ആഴ്‌വാഞ്ചേരി മന, എന്നിവിടങ്ങളിൽ കളി നടത്തി 1111 മീനം 18ന് ഗുരുവായൂർ ക്ഷേത്രത്തിൽഗുരുവായൂരപ്പന് സേവയായി കളിതുടങ്ങിമുതൽ 25 ന് സ്വർഗ്ഗാരോഹണം കളികൂടി നടത്തി പിന്നീട് പൂമുള്ളി മനയിലും കളിനടത്തിയതായി കാണാം. അക്കാലവുംകടന്ന് 1929 ആവുമ്പോഴേക്കും ഒരു കമ്മറ്റി യുടെ കീഴിലായിരുന്ന കളിയോഗത്തിന്റെ ക്ഷേമവൂം,അഭ്യാസവും കുറഞ്ഞതിനാൽ 1104 കർക്കിടകം 1 മുതൽ ആ കമ്മിറ്റി യെ സാമൂതിരി ഒഴിവാക്കി.പകരം മാവത്ത് രാമൻ എന്നയാളെ കളിയോഗത്തിന്റെ ചുമതല ഏൽപ്പിച്ചു. ഇങ്ങനെ പലപല ബാലാരിഷ്ടതകളും കഴിഞ്ഞ് കാലംകടന്നുപോയി.കൃഷ്ണനാട്ടം കളിയോഗം ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലായ ശേഷം ഗുരുവായൂരപ്പന്റെ സ്വന്തം കലാരൂപം! പണ്ടുകാലത്ത് മലബാറിലല്ലാതെ കൊച്ചി, തിരുവിതാംകൂർ ഭാഗങ്ങളിലൊന്നും പോകാതിരുന്ന കൃഷ്ണനാട്ടം ചരിത്രത്തിൽ ആദ്യമായി 1980 ജൂൺ മാസത്തിൽ വിദേശത്തേയ്ക്ക് യാത്രയായി.ഫ്രാൻസിൽ നടക്കുന്ന പാരമ്പര്യ കലാപ്രദർശനത്തിൽ പങ്കെടുത്തു.കൂടാതെ പശ്ചിമജർമ്മനി,സ്വിറ്റ്സർലണ്ട്,ഇറ്റലി,ഡച്ച് തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗുരുവായൂരപ്പന്റെ സ്വന്തം കൃഷ്ണനാട്ടം കളി ആദ്യമായി അരങ്ങേറി. ചെങ്ങന്നൂർ വിജ്ഞാനകലാവേദിയുടെ യൂറോപ്യൻ പ്രതിനിധി മരീന ഫിറ്റോഫ് ആണ് വിദേശയാത്രക്ക് കളമൊരുക്കിയത്.അന്നത്തെ അഡ്മിനിസ്ട്രേറ്റർ ടി.സി.ബാലകൃഷ്ണൻ നായരുടെയും,കലാനിലയം സൂപ്രണ്ട് ഗോദവർമ്മരാജയുടെ അശ്രാന്തപരിശ്രമം ഈ വിദേശയാത്ര ക്ക് വലിയ പ്രചോദനമായി.15 കലാകാരന്മാർ ഉൾപ്പെട്ടതായിരുന്നു സംഘം. അതിനുശേഷം 1987 മെയ് മാസത്തിൽ ഹിമാലയൻ ഉത്സവത്തിൽ ഉത്തർ പ്രദേശ് സർക്കാർ ബദരീനാഥസന്നിധിയിൽ സംഘടിപ്പിച്ച കലോത്സവത്തിൽ ഭാരതത്തിലെ എല്ലാ കലകളും അവതരിപ്പിച്ച പ്പോൾ ഗുരുവായൂരപ്പന്റെ കൃഷ്ണനാട്ടം അവതരിപ്പിച്ച ത് പുതുമയായി.ശ്രീശങ്കരഭഗവദ്പാദർ സനിഷ്കർഷം ഏർപ്പാടുചെയ്തിട്ടുള്ള പൂജാവിധികൾ അതേപടി തുടരുന്ന ഇന്ത്യയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങൾ ആണ് തെക്കെ അറ്റത്തെ ഗുരുവായൂരുംവടക്കെ അറ്റത്തെ ബദരീനാഥസന്നിധിയും. ആദ്യമായിട്ടായിരുന്നു ഈ മഹൽ സന്നിധിയിൽ കൃഷ്ണനാട്ടം അരങ്ങേറിയത്.2010 ൽ പാരീസിലും,അനുബന്ധ സ്ഥലങ്ങളിലും,2015 ൽ സിങ്കപ്പൂരിലും കൃഷ്ണനാട്ടം അവതരിപ്പിച്ചു.
ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ കൃഷ്ണനാട്ടം കലാനിലയം എന്ന നാമധേയം സ്വീകരിച്ചശേഷം മലബാർ പ്രദേശം വിട്ട് കൊച്ചി പ്രവിശ്യയിലൊന്നും൧1 അവതരിപ്പിക്കാതിരുന്ന കൃഷ്ണനാട്ടം,കേരളത്തിൽ അങ്ങോളമിങ്ങോളവും, ഭാരതത്തിന്റെ നാനാഭാഗത്തും, 1980 ൽ വിദേശരാജ്യങ്ങളിൽ ആദ്യമായും, മറ്റിടങ്ങളിലും, അവസാനമായി 2015 ൽ സിങ്കപ്പൂരിലും അവതരിപ്പിച്ച് ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങൾ ഭൂലോകപ്രശസ്തിനേടി. 1977 ൽ ചരിത്രത്തിൽ ആദ്യമായി ഗുരുവായൂരപ്പന്റെ കൃഷ്ണനാട്ടത്തിന് ദേശീയ പുരസ്കാരം! 1978 മാർച്ച് 4 ന് കേന്ദ്ര സംഗീതനാടക അക്കാദമി യുടെ അവാർഡ് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി നീലം സഞ്ചീവറെഡ്ഡി ന്യൂഡൽഹിയിൽ വലിയൊരു സാംസ്കാരിക സദസ്സിൽ വെച്ച് അവാർഡ് ദാനചടങ്ങിൽ പ്രശസ്തരായ 15 കലാകാരൻമാരിൽ ഒരാളായ കൃഷ്ണനാട്ടം കളിയോഗം ആശാൻ ചിങ്ങത്ത് ശങ്കരൻ നായർക്ക് നൽകിയപ്പോൾ സദസ് കരഘോഷം മുഴക്കി. നൃത്തത്തിനുള്ള കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡാണ് കൃഷ്ണനാട്ടം കളിയോഗം ആശാൻ ചിങ്ങത്ത് ശങ്കരൻനായർക്ക് ലഭിച്ചത്.,ആശാൻ കെ.വേലായുധൻനായർക്ക് കേന്ദ്ര ഫെല്ലോഷിപ്പ്, മധ്യപ്രദേശ് സർക്കാരിന്റെ നാട്യപുരസ്കാരംലഭിച്ചതും, ഏറ്റവും ഒടുവിൽ ജൂനിയർ കലാകാരനായ കെ.രതീഷിന് ആദ്യമായി കേന്ദ്രസർക്കാരിന്റെ ഫെല്ലോഷിപ്പ് ലഭിച്ചതും കേരളസർക്കാരിന്റെ അവാർഡുകളും, ദേശീയ പുരസ്കാരങ്ങളും,മറ്റുള്ള അംഗീകാരങ്ങളും,കൃഷ്ണഗീതി ദിനാഘോഷവും, ഗുരുവായൂർ ദേവസ്വം തന്നെ മികച്ച കൃഷ്ണനാട്ടം കലാകാരൻമാർക്ക് മാനവേദ സുവർണ്ണ മുദ്രയുൾപ്പെടെയുള്ള അനവധി പുരസ്കാരങ്ങൾ ഏർപ്പെടുത്തിയതും കൃഷ്ണനാട്ടം എന്ന കലാരൂപത്തെ കഴിഞ്ഞ 65 വർഷംകൊണ്ട് പ്രൗഢഗംഭീരമാക്കിയിരിക്കുന്നു. എല്ലാം ഈ ഗുരുപവനപുരേശസന്നിധിയിൽ എത്തിയശേഷം മാത്രം.!
ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ മാത്രം നടന്നുവരുന്ന കൃഷ്ണനാട്ടം കലാരൂപത്തിന് ക്ഷേത്രകലാനിലയം എന്ന വിഭാഗം തന്നെ പ്രത്യേകം പ്രവർത്തിക്കുന്നു.1958 മുതൽ ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽപ്രവർത്തിക്കുന്ന ഗുരുവായൂർ ദേവസ്വം ക്ഷേത്രകലാനിലയം. കൃഷ്ണനാട്ടം കളി യോഗം വളരെ പ്രശംസനീയമാംവണ്ണം പ്രവർത്തിച്ചുവരുന്നു.ദേവസ്വം 1984 മുതൽ എല്ലാ വർഷവും കൃഷ്ണഗീതി ദിനം ആഘോഷിച്ചു കൊണ്ടും, മാനവേദന് സ്മാരകമായി പൂർണ്ണകായ പ്രതിമ സ്ഥാപിച്ചുകൊണ്ടും1989 മുതൽ സംസ്കൃത പണ്ഡിതൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് 7 ദിവസംകൊണ്ട് കൃഷ്ണഗീതി പാരായണവും,മാനവേദകവി യുടെ സ്മരണ നിലനിർത്താൻ മാനവേദ സുവർണ്ണ മുദ്ര എന്നപേരിൽ പുരസ്കാരം ഏർപ്പെടുത്തിക്കൊണ്ടും കൃഷ്ണനാട്ടം കളിയൊഗത്തെ ഗുരുവായൂർ ദേവസ്വം ഏറ്റവും പ്രശസ്തമായ നിലയിൽ സംരക്ഷിച്ചു വരുന്നു.കൃഷ്ണനാട്ടം കളിയോഗത്തിൽ കൃഷ്ണനായും,ബലഭദ്രരായും,കുചേലനായും,നരകാസുരനായും,രുഗ്മിണിയായും,ഭൂമിദേവിയായും,ജാംബവാനായും,വിവിധനായും,കംസനായും,ഉദ്ധവരായും പല പല വേഷങ്ങൾ കെട്ടിയാടിയും,അരങ്ങത്ത്തൊപ്പി മദ്ദളവും ,ശുദ്ധമദ്ദളവും,സംഗീതവും,ഇടയ്ക്കയും അവതരിപ്പിച്ചും, തിരശ്ശീല പിടിച്ചും,അണിയറയിൽ കച.ഗുരുവായൂരപ്പന്റെ മഹാകാരുണ്യം ഈ കലാരൂപത്തിന്റെ ഭക്തി മാഹാത്മ്യം നാരായണീയവും,ഭാഗവതവും പോലെ ലോകമെമ്പാടുമുള്ള ഗുരുവായൂരപ്പന്റെ ഭക്തജനങ്ങൾക്ക് കൃഷ്ണനാട്ടവും, മനോദു:ഖങ്ങളെ അകറ്റി മനസ്സിന് സാന്ത്വനമേകുന്ന അനുഭവജ്ഞാനമാകുന്നു.
ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നവം. 16 ന് നാൽപതാമത് കൃഷ്ണഗീതി ദിനം വളരെ വിപുലമായി ആഘോഷിക്കുന്നു.മാനവേദ സമാധിയിൽ പുഷ്പാർച്ചനയും, പ്രഭാതഭേരിയും,പ്രഗൽഭരായ സംസ്കൃതപണ്ഡിതൻമാർ പങ്കെടുക്കുന്ന കൃഷ്ണഗീതി സംബന്ധിച്ച ദേശീയ സെമിനാർ,പ്രബന്ധം അവതരണം, സാംസ്കാരിക സമ്മേളനം,കൃഷ്ണനാട്ടം ക്രമ ദീപികയും ആട്ടപ്രകാരവും ഉൾപ്പെടെ പ്രൗഢ ഗ്രന്ഥത്തിന്റെ പ്രകാശനവും, കൃഷ്ണഗീതി പാരായണവും, കൃഷ്ണനാട്ടം തെരഞ്ഞെടുത്ത ദൃശ്യങ്ങൾ അവതരണവും,കൃഷ്ണനാട്ടപദ കച്ചേരിയും. ഉൾപ്പെടെ വളരെ ഗംഭീരമായ ആഘോഷങ്ങൾ ഗുരുവായൂർ ദേവസ്വം വകയായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *