ഗുരുവായൂർ ഏകാദശി വിളക്കിൻ്റെ സുവർണ പ്രഭയിൽ ഭഗവാൻ സ്വർണക്കോലത്തിൽ എഴുന്നള്ളി

ഗുരുവായൂർ:ഏകാദശി വിളക്കിന്റെ സുവർണ പ്രഭയിൽ ശ്രീകൃഷ്ണഭഗവാൻ സ്വർണ ക്കോലത്തിൽ എഴുന്നള്ളി. ഏകാദശിവരെ ഇനി കനക പ്രഭയിലാകും ഭഗവാൻ്റെ എഴുന്നള്ളിപ്പ്. അഷ്ടമി വിളക്ക് തെളിഞ്ഞ് നാലാമത്തെ പ്രദക്ഷിണ ത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചപ്പോൾ ക്ഷേത്രത്തിനകത്ത് തിങ്ങിനിറഞ്ഞ ഭക്ത ജന സഹസ്രം നാരായണ നാമ ജപത്താൽ കൈകൂപ്പി തൊഴുതു.
ഇടയ്ക്ക, നാഗസ്വരവാദ്യം എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയായി. ഇന്ന് ക്ഷേത്രത്തിൽ നവമി നെയ്‌വിളക്കാണ്. കൊളാടി കുടുംബത്തിൻ്റെ വകയാണ് നവമി നെയ്‌വിളക്ക് ആഘോഷം. കൊളാടി കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഡോക്‌ടർ ജയകൃഷ്‌ണന്റെ പേരിലാണ് നവമി വിളക്ക് ആഘോഷിക്കുന്നത്.നവമി വിളക്കിനോടനുബന്ധിച്ച് നവമി നമസ്കാര സദ്യയും ഉണ്ടാകും. നാളെ ദശമി വിളക്ക് ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് വകയാകും. ഏകാദശി ദിനമായ വ്യാഴാഴ്‌ച ഗുരുവായൂർ ദേവസ്വം വക ഉദയാസ്‌തമന പൂജയോടെയുള്ള വിളക്കാണ്.ഇതിനായി ഒരു ലക്ഷത്തിൽ പരം രൂപ ദേവസ്വം വകയിരുത്തിയിട്ടുണ്ട്. ദശമി ദിവസം രാവിലെ ക്ഷേത്രനട തുറന്നാൽ പിന്നെ ഏകാദശിയും പിന്നിട്ട് ദ്വാദശി നാളിൽ മാത്രമേ നടയടയ്ക്കു. ഗുരുവായൂർ ക്ഷേത്രത്തിൽ ഏറ്റവുമധികം തീർഥാടകർ തൊഴുതിറങ്ങുന്ന വേള കൂടിയാണിത്. ക്ഷേത്രവും ക്ഷേത്രന ഗരിയും അലങ്കാരപ്രഭയിൽ പ്രകാശ പൂരിതമാണ്.

ഭഗവാൻ സ്വർണക്കോലത്തിൽ എഴുന്നള്ളുന്നു

Leave a Reply

Your email address will not be published. Required fields are marked *