ഭൂലോക വൈകുണ്ഠം ആണ് ശ്രീ ഗുരുവായൂർ ക്ഷേത്രം.
ഒരിക്കലെങ്കിലും ഇവിടെ എത്തി ദർശനം നടത്തി ചാരിതാർത്ഥ്യമടയാൻ
ആഗ്രഹിക്കാത്ത ഭക്തരും
ഗുരുവായൂരപ്പൻ്റെ നാമം ചൊല്ലി പ്രാർത്ഥിക്കാത്ത ഭക്ത മനസ്സു കളും ഇല്ല. മലയാളക്കരയുടെയും മലയാളികളുടെയും പുണ്യമാണ് ഗുരുവായൂർ ക്ഷേത്രം.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ
പ്രതിഷ്ഠാ മാഹാത്മ്യത്തെ കുറിച്ച് അറിയാൻ
ആദ്യം കൃഷ്ണനിൽ തന്നെ
അഭയം പ്രാപിക്കേണ്ടതുണ്ട്. ഭഗവാനെ അറിയാൻ ഭഗവാനോട് തന്നെ ചോദിക്കുക എന്നതിലപ്പുറത്താണ് ഇതിനെ അർത്ഥമാക്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ ദ്വാരകയിൽ പൂജിച്ചിരുന്ന ഒരു വിഷ്ണു വിഗ്രഹത്തെ ചുറ്റിപ്പറ്റിയുള്ള ഒരു യാത്ര… ആ യാത്ര ഒടുവിൽ നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഭൂലോക വൈകുണ്ഠം എന്നുകൂടി വിശേഷണമുള്ള ഗുരുവായൂരിലേക്കായേക്കും… ഇന്ന് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി.ഭക്തജനങ്ങൾ വൃതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന ഏകാദശി വൃതം നോറ്റ് ഗുരുവായൂരിലേക്ക് എത്തുന്ന ദിനം.വൃശ്ചിക മാസത്തിൽ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആചരിച്ചു വരുന്നത്.ദശമി ദിവസം നിർമാല്യത്തിന് തുറക്കുന്ന ഗുരുവായൂരപ്പൻ്റെ നട ദ്വാദശി ദിവസം ദ്വാദശി സമർപ്പണം കഴിയുന്നത് വരെ തുറന്നിരിക്കും.ഭക്തർ ദൈനംദിന ജീവതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തു പോകുന്ന എല്ലാ പാപങ്ങളിൽ നിന്നുമുള്ള മോചനമാണ് ഏകാദശി വൃതാചരണത്തിലൂടെ സാധ്യമാകുന്നത് എന്നാണ് വിശ്വാസം.ഏകാദശി ദിവസം ഉപവാസാചരണത്തിലൂടെ ഭവ നാമസങ്കീർത്തനവും അർച്ചനയുമായി കഴിച്ചുകൂട്ടുക എന്നതായിരുന്നു പഴയ നിഷ്ഠ. എന്നാൽ ഇന്ന് കൂടുതൽ പേരും അരി ഭക്ഷണം ഉപേക്ഷിച്ച് ഭഗവാൻ്റെ പ്രസാദ ഊട്ട് ഭക്ഷിച്ച് ഏകാദശി വൃതാചാരണം അനുഷ്ഠിക്കുന്നു.
ഗുരുവായൂരിൽ ഏകാദശി വൃതാചാരണത്തോടൊപ്പം തന്നെ 1976 ൽ ഏകാദശി നാളിൽ ചെരിഞ്ഞ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ അനുസ്മരണവും ദശമി നാളിൽ ആചരിച്ചു വരുന്നു.ഇതിൻ്റെ ഭാഗമായി തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ കേശവൻ്റെ പ്രതിമ നിലനിൽക്കുന്ന ശ്രീവത്സം അതിഥി മന്ദിരം വരെ ഗജഘോഷയാത്രയും നടക്കുന്നു.ഘോഷയാത്രയിൽ ദേവസ്വം ആനത്താവളത്തിലെ ഒട്ടുമിക്ക്യ ആനകളെയും പങ്കെടുപ്പിക്കാറുണ്ട്.ശ്രീകൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിവസമാണ് ഏകാദശി ദിവസം എന്ന സങ്കൽപ്പത്തിൽ ഗീതാ ദിനമായും ഈ ദിവസം പ്രതിഷ്ഠ നടത്തിയതിനാൽ പ്രതിഷ്ഠാദിന മായും ഏകാദശി ആചരിച്ച് വരുന്നു.ജ്ഞാനോപദേശത്തിലൂടെ മനസിലെ അന്ധകാരത്തിൻ്റെ ദൂരീകരണവും ഏകാദശിയുടെ പുണ്യമായി കരുതുന്നു.
ഇവിടെയെത്തി ഭഗവാനെ ദർശിക്കാൻ കഴിയുന്നതു തന്നെ ഈ ജന്മത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി ഭക്തർ കരുതുന്നു.ഒന്നു സ്മരിച്ചാൽ പോലും അനുഗ്രഹം വർഷിച്ചരുളുന്ന സാക്ഷാൽ കൃഷ്ണൻ ഉണ്ണിയും നയതന്ത്രജ്ഞനുമെക്കെയായി നമ്മുടെ മനോ മണ്ഡലത്തെ ഓരോ നിമിഷവും പിന്തുടരുന്നുണ്ട് ഏതിരുട്ടിലും തിരിച്ചറിയുന്ന വെളിച്ചമായി.
ഹന്ത! ഭാഗ്യം ജനാനാം
