പുന്നയൂരിൽ അനധികൃതമായി മണ്ണ് കടത്തിയ ഏഴ് ലോറിയും ജെസിബിയും പോലീസ് പിടികൂടി

പുന്നയൂർക്കുളം:എടക്കര മിനി സെന്ററിൽ പാടം മണ്ണിട്ട് നികത്തിയ ഏഴ് ലോറി യും ഒരു ജെസിബി യും വടക്കേക്കാട് പോലീസ് പിടികൂടി .പുന്നയൂർ പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ തെക്കിനേടത്തു പടിയിൽ നിന്നും പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മണ്ണും ഉപയോഗിച്ചാണ് എടക്കരയിലെ പാടം അനധികൃതമായി നികത്തിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം. സ്കൂൾ വിട്ട് വന്ന ഒൻപതാം ക്ലാസുകാരനാണ് പാടം തൂർക്കുന്ന വിവരം പോലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചത്. വടക്കേക്കാട് സി ഐ അമൃതരംഗനും സംഘവും ചേർന്നാണ് മണ്ണ് കടത്തൽ സംഘത്തേയും ലോറികളും പിടികൂടിയത്. കുറച്ച് മാസങ്ങളായി അനധികൃത പാടം നികത്തലിനെതിരെ വടക്കേക്കാട് പോലീസ് കർശന നടപടി എടുത്തു വരുകയായിരുന്നു. ഇതിനിടയിലാണ്  പഞ്ചവടിയിൽ കെട്ടിട നിർമ്മാണത്തിന് എന്ന് പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച് ഈ സംഘം എടക്കര മിനി സെന്ററിലുള്ള പാടം മണ്ണിട്ട് നികത്തിയത്. അനധികൃതമായി പാടം നികത്താനുപയോഗിച്ച എട്ട് വാഹനങ്ങളും കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു. അനധികൃതമായി പാടം നികത്തിയ സംഘത്തെ സി.ഐയുടെ നേതൃത്വത്തിൽ എസ് ഐ ജലീൽ, വിൻസെന്റ്, എ എസ് ഐ ഗോപി,സുധീർ,സി പി ഒ മാരായ സുനിൽ കുമാർ ,സതീഷ് ചന്ദ്രൻ ,ദീപക്, അരുൺ ,നിബു,രതീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *