കുന്നംകുളം:കാൽപന്ത് കളിയെ സ്നേഹിച്ച് മുചക്ര വാഹനത്തിൽ ഖത്തർ ലോകകപ്പ് മൈതാനത്ത് എത്തിയ പെരിന്തൽമണ്ണ സ്വദേശി കുഞ്ഞാൻ ചാലിശ്ശേരിയിലെത്തിയത് കായിക പ്രേമികൾക്ക് ആവേശമായി. ചാലിശ്ശേരി സോക്കർ അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ സെമി ഫൈനൽ മത്സരത്തിന് വിശ്ഷിടാതിഥിയായി ടീമംഗങ്ങളെ പരിചയപ്പെടാനാണ് കുഞ്ഞാൻ ചാലിശ്ശേരിയിലെത്തിയത്.
പെരിന്തൽമണ്ണ താഴേക്കോട് കിഴക്കേക്കര വീട്ടിൽ മുഹമ്മദ് കുട്ടി – കദീജ ദമ്പതികളുടെ മകൻ കുഞ്ഞാന് രണ്ടാമത്തെ വയസ്സിലാണ് പോളിയോ ബാധിച്ച് കാലിൻ്റെ ചലനശേഷി നഷ്ടമായത്.ചെറുപ്രായത്തിൽ കാൽപന്ത് കളിയോട് പ്രണയം തോന്നിയ കുഞ്ഞാന് ഫുട്ബോൾ എന്നാൽ ഹരമാണ്. ജീവിതത്തിൻ്റെ പരിമിതികളെ മറികടന്ന് 38-ാം വയസ്സിൽ ഇരുചക്ര വാഹനത്തിലിരുന്ന് ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തി.സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ജർമ്മിനി -സ്പെയിൻ, ബ്രസീൽ – കൊറിയ മൽസരത്തിന് മുമ്പ് ടീമിനൊപ്പം മൈതാനത്ത് ഇറങ്ങുകയും ഇഷ്ട താരം നെയ്മറിനോടൊപ്പം ബ്രസീൽ ടീം മിലെ മുഴുവൻ കളിക്കാരെയും നേരിട്ട് കണ്ട് മുത്തമിട്ടതോടെ കുഞ്ഞാൻ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ സൂപ്പർ താരമായി മാറി.ലോകകപ്പിലെ 13 മത്സരങ്ങൾ നേരിട്ട് കാണാനും കഴിഞ്ഞു. നാട്ടിലെത്തിയത്തോടെ ഫുട്ബോൾ ടൂർണ്ണമെൻ്റുകളുടെ ഉദ്ഘാടകനായും വിശ്ഷിടാതിഥിയായും കേരളത്തിലെ എല്ലാ ജില്ലകളിലും എത്തി കായികപ്രേമികളുടെ കണ്ണിലുണ്ണിയായി.നവമാധ്യമങ്ങളിൽ സജീവമായ കുഞ്ഞാന് എല്ലായിടങ്ങളിലും നിറയെ ആരാധകരാണ്.ഓട്ടോമറ്റിക്കായി പ്രവർത്തിക്കുന്ന മുച്ചക്ര വാഹനത്തിലിരുന്നു കൊണ്ട് മന്ത്രി എം.ബി രാജേഷിനോടൊപ്പം കുഞ്ഞാൻ ടീമംഗങ്ങളെ പരിചയപ്പെട്ടു.ഗാലറിയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിനിർത്തി കുഞ്ഞാൻ മുഴുവൻ സമയവും മത്സരം കൺകുളിർക്കെ ആസ്വദിച്ചു.ചാലിശേരിയിലെ കായികപ്രേമികളുടെ ഫുട്ബോൾ ആവേശം സന്തോഷം പകരുന്നതാണെന്ന് കുഞ്ഞാൻ പറഞ്ഞു.ഫൈനൽ മൽസരത്തിന് ആശംകളും നേർന്നാണ് പ്രത്യേകം ഒരുക്കിയ കാറിൽ കുഞ്ഞാൻ മടങ്ങിയത്.
കൂടുതൽ ദൃശ്യങ്ങൾ കാണാം…
