തൃശൂർ നഗരത്തിൽ വെള്ളക്കെട്ട്;കോർപ്പറേഷൻ മേയറുടെ ചേമ്പറിന് മുൻപിൽ ബിജെപി കൗൺസിലർമാരുടെ കുത്തിയിരുപ്പ് സമരം

തൃശൂർ:തൃശൂർ നഗരത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തികൾ നടത്താത്ത
കോർപ്പറേഷന്റെ അനാസ്ഥക്കെതിരെ
കോർപ്പറേഷൻ മേയറുടെ  ചേമ്പറിന് മുൻപിൽ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി.തൃശ്ശൂർ നഗരത്തിലെ തോടുകളും ഓടകളും കനാലുകളും മഴക്കാലം തുടങ്ങുന്നതിനു മുൻപേ അടിയന്തിരമായി വൃത്തിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കോർപറേഷന്റെ അനാസ്ഥ മൂലം നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി കോടികണക്കിന് രൂപയുടെ നാശ നഷ്ട്ടങ്ങളാണ് കോർപ്പറേഷൻ നിവാസികൾക്ക് ഉണ്ടായിട്ടുള്ളത്.
ഡിവിഷനുകളിലെ തോടുകളും, ഓടകളും കനാലുകളും മഴക്ക് മുൻപ് അടിയന്തിരമായി പായലും ചണ്ടിയും മറ്റു മാലിന്യങ്ങളും നീക്കി വൃത്തി യാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ മേയർ എം.കെ വർഗീസിന് കത്ത് ഈ മാസം ആദ്യവാരം തന്നെ നൽകിയിരുന്നു.മഴക്കാലപൂർവ ശുചീകരണം ഉടൻ നടത്തിയില്ലെങ്കിൽ വെള്ളക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടായി വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകുമെന്നും അതിനാൽ വേണ്ട നടപടി കൈക്കൊള്ളണമെന്നും മേയറെ നേരിട്ട് കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ വരാതെ അടിയന്തിരമായി ശുചീകരണ പ്രവർത്തി തുടങ്ങുമെന്നും
ബിജെപി കൗൺസിലർമാർക്ക്
മേയർ ഉറപ്പ് നൽകുകയും ചെയ്തിരുന്നതാണ്.കോർപ്പറേഷന്റെ തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥയും മൂലം ഉണ്ടായ കോടികണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾക്ക് മേയർ മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.സമരത്തിൽ ബിജെപി പാർലിമെന്ററി ലീഡറും കൊക്കാല ഡിവിഷൻ കൗൺസിലറുമായ വിനോദ് പൊള്ളാഞ്ചേരി,പൂങ്കുന്നം ഒന്നാം ഡിവിഷൻ കൗൺസിലർ ഡോ.വി ആതിര,കോട്ടപ്പുറം ഡിവിഷൻ കൗൺസിലർ നിജി കെ.ജി, പാട്ടുരായ്ക്കൽ ഡിവിഷൻ കൗൺസിലർ രാധിക,ബിജെപി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ,പാർട്ടി സംസ്ഥാന കൗൺസിൽ അംഗം വി.ആർ മോഹനൻ,ഒല്ലൂർ മണ്ഡലം ജന:സെക്രട്ടറി
സുശാന്ത് ഐനിക്കുന്നത് തുടങ്ങിയവർ കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നൽകി.

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *