പുന്നയൂർക്കുളം അണ്ടത്തോട് ബീച്ച് ഖാദിരിയ്യ മസ്ജിദിൽ ഭണ്ഡാരം കുത്തി തുറന്ന് കവർച്ച

പുന്നയൂർക്കുളം:അണ്ടത്തോട് ബീച്ച് ഖാദിരിയ്യ മസ്ജിദിൽ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. അണ്ടത്തോട് ബീച്ച് മദ്രസക്ക് സമീപമുള്ള വളരെ പഴക്കം ചെന്ന ബീച്ച് ഖാദിരിയ്യ  നമസ്കാര പള്ളിയിലെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം കവർന്നിട്ടുള്ളത്. പള്ളിയിലെ പ്രധാന നമസ്കാര മുറിയിൽ പള്ളി പരിപാലന ഫണ്ട് സമാഹരണത്തിനായാണ് മരത്തിൽ നിർമ്മിച്ച ഭണ്ഡാരം വെച്ചിരുന്നത്. ജമാഅത്ത് നമസ്കാര സമയങ്ങളിൽ മാത്രമാണ് ഇവിടെ ആളുകൾ ഉണ്ടാവുക. രാവിലെയും വൈകിട്ടും മദ്രസ ഉള്ളതിനാൽ പള്ളിയിൽ ജോലി ചെയ്യുന്ന ഉസ്താദും ഉണ്ടാവില്ല.ബുധനാഴ്ച അസർ നമസ്കാരം കഴിഞ്ഞ് മഗ്‌രിബ് നമസ്കാരത്തിന് ഇടയിലാണ് പണംകവർന്നിട്ടുള്ളത്.മഗ്‌രിബ് നമസ്കാരത്തിന് എത്തിയവർ ഭണ്ഡാര പെട്ടി കേടുവന്ന നിലയിൽ കണ്ടതിനെ തുടർന്ന് ഉസ്താദിനെയും പള്ളി ഭാരവാഹികളെയും അറിയിക്കുകയായിരുന്നു. കഴിഞ്ഞ പെരുന്നാളിന് പെട്ടി തുറന്ന് കളക്ഷൻ നടത്തിയിരുന്നതായും ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു മോഷണം ഇവിടെ നടന്നിട്ടുള്ളതെന്നും പള്ളി പ്രസിഡണ്ട് സി.എം ഗഫൂർ പറഞ്ഞു.വടക്കേക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *