രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോജിതമായ ഇടപെടൽ;മനുഷ്യജീവന് ഹാനികരമായ ലാബ് മാലിന്യം തള്ളിയ ആൾ പിടിയിൽ

പുന്നയൂർക്കുളം:രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോജിതമായ ഇടപെടലിൽ മനുഷ്യജീവന് ഹാനികരമായ
ലാബ് മാലിന്യം പൊതു സ്ഥലത്ത് തള്ളിയ ആൾ പിടിയിൽ.പുന്നയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പിലാക്കാട്ട് പള്ളിക്ക് സമീപം റോഡരികിൽ രണ്ട് ചാക്കുകളിലായി ഉപയോഗിച്ച സിറിഞ്ചുകൾ, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകൾ, യൂറിൻ കണ്ടൈനർ എന്നിവ അലക്ഷ്യമായി നിക്ഷേപിച്ചത്. ആറ്റുപുറം സെൻറ് ആൻറണീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി പാതിയിറക്കൽ നിഷാദ് മകൻ ഇബ്രാഹിം നാസിം മദ്രസയിൽ നിന്നും തിരികെ വരുമ്പോഴാണ് മാലിന്യ കെട്ടുകൾ  കണ്ടത്. തുടർന്ന് വീട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതരെ  അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ പുന്നയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.വി ഷീജ,ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, ഐആർടിസി കോഡിനേറ്റർ
ബി.എസ്.ആരിഫ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ മന്നലാംകുന്ന് ഹെൽത്ത് കെയർ ഹൈടെക് ലാബ് ആണ് മാലിന്യം തള്ളിയത് എന്ന് കണ്ടെത്തുകയായിരുന്നു.ഇവർക്ക് 50,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.
വടക്കേക്കാട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്
ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി മാലിന്യം തള്ളിയ സ്ഥാപന ഉടമയോട് സ്ഥലത്തെത്താൻ നിർദ്ദേശിക്കുകയായിരുന്നു. സ്ഥാപന ഉടമ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യുകയും ചെയ്തു.മനുഷ്യജീവന് ഹാനികരമായ മാലിന്യങ്ങളാണ് ചാക്കിൽ കണ്ടെത്തിയത് പൊതുജനങ്ങൾക്ക് മാതൃക ആകേണ്ട ആരോഗ്യ പ്രവർത്തകർ തന്നെ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് ഖേദകരമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടികൾക്ക് വിധേയമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കൂടുതൽ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *