ഗുരുവായൂർ: അഷ്ടമിരോഹിണി നാളിൽ ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തിയത് ഭക്തസഹസ്രങ്ങൾ.ഉണ്ണിക്കണ്ണൻമാരാലും ഗോപികമാരാലും നിറഞ്ഞ ഗുരുപവനപുരി അക്ഷരാർത്ഥത്തിൽ അമ്പാടിയായി മാറുന്ന കാഴ്‌ചയാണ് എങ്ങും കാണാൻ കഴിഞ്ഞത്.പിറന്നാൾ ദിനത്തിൽ ശ്രീ ഗുരുവായൂരപ്പനെ ദർശിക്കാനും കൃഷ്ണ നഗരിയിലെ കാഴ്ചകൾ കാണാനും പ്രസാദ് ഊട്ടിൽ പങ്കുകൊള്ളാനുമായി സഹ സ്രങ്ങളൊഴുകിയെത്തി. ജന്മാഷ്ടമി ദിവസം പ്രത്യേക ദർശന ക്രമീകരണങ്ങളാണ് ദേവസ്വം ഒരുക്കിയതെങ്കിലും ഭക്തരുടെ നീണ്ട നിര ഇന്നർ റിംങ് റോഡ് കവിഞ്ഞ് പുറത്തേക്ക് പോയി.ഭഗവത് ദർശനത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നു ഭക്തർക്ക്. ഏറെ നേരം വരിയിൽ നിന്ന പല ഭക്തരും കുഴഞ്ഞു വീഴുന്നതും കാണാമായിരുന്നു.തിരക്ക് മാനിച്ച്
പുലർച്ചെ നിർമാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി നാലമ്പലത്തിലേക്ക് നേരെയാണ് പ്രവേശിപ്പിച്ചിരുന്നത്. പ്രദക്ഷിണം,ശയനപ്രദക്ഷിണം. അടിപ്രദക്ഷിണം എന്നിവ ഒഴിവാക്കി.വി.ഐ. പി ദർശനങ്ങൾക്കും രാവിലെ ആറുമുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അഷ്ടമിരോഹിണി ആഘോഷത്തിനായി 35,80, 800 രൂപയുടെ എസ്‌റ്റിമേറ്റാണ് ദേവസ്വം തയാറാക്കിയിട്ടുണ്ടായിരുന്നത്. ഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും ദേവസ്വം വിശേഷാൽ പ്രസാദ ഊട്ട് ലഭ്യമാക്കുന്നതരത്തിൽ സൗകര്യങ്ങളെരുക്കിയെങ്കിലും വൈകീട്ട് 5.30 വരെ പ്രസാദ വിതരണം നീണ്ടു.പ്രസാദ ഊട്ടിൽ
42000 പേർ പങ്കെടുത്തു. ഇതിനായി 4250 കിലോ അരി(85 ചാക്ക്) ഉപയോഗിച്ചു.രാവിലെ ഒമ്പത് മുതൽ പ്രസാദ ഊട്ട് ആരംഭിച്ചു. അന്നലക്ഷമി ഹാളിലും അതിനോട് ചേർന്നുള്ള താൽ ക്കാലിക പന്തലിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് പ്രസാദ് ഊട്ട് ഒരുക്കിയത്. അപ്പമാണ് അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാട്, 7.25 ലക്ഷം രൂപയുടെ അപ്പമാണ് ദേവസ്വം തയ്യാറാക്കിയത്.ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കും കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ,തിരുവല്ല രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മേളം അക മ്പടിയേകി.ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ച വാദ്യവും സന്ധ്യയ്ക്ക് തായമ്പകയുമുണ്ടായി.സ്വർണ ക്കോലത്തിലാണ് പിറന്നാൾ ദിനത്തിൽ ഭഗവാൻ്റെ ശീവേലി എഴുന്നള്ളിപ്പ് നടന്നത്
ഗുരുപവനപുരിയിലേക്ക് അമ്പാടി കണ്ണൻമാർ ഒഴുകിയെത്തി;ദർശനപുണ്യം നുകർന്ന് ഭക്തസഹസ്രങ്ങൾ, പ്രസാദ ഊട്ടിൽ പങ്കെടുത്തത് 42000 പേർ
