ചെറായിയെ ആവേശം തിമർപ്പിലാഴ്ത്തി തായം കളി മത്സരം

പുന്നയൂര്‍ക്കുളം:മൂന്ന് ദിവസം രാവും പകലും ആര്‍പ്പും ആവേശവും തീര്‍ത്ത തായംകളി മത്സരം സമാപിച്ചു. സിദ്ദിഖ്-ഹനീഫ സഖ്യം ഒന്നാം സ്ഥാനവും ഫസലു-സജീവ് ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് വടക്കേകാട് എസ്‌ഐ കെ.ബി.ജലീല്‍, സിപിഒ അനൂപ് എന്നിവര്‍ സമ്മാനം നല്‍കി. ഒന്നാം സ്ഥാനക്കാര്‍ക്ക് 23456 രൂപയും റണ്ണേഴ്‌സിനു 12345 രൂപയും ട്രോഫിയും ഓണക്കോടിയുമാണ് നല്‍കിയത്. പ്രവചന മത്സരത്തിലെ 5 വിജയികള്‍ക്കും സമ്മാനം നല്‍കി. പതിമൂന്നാമത്തെ വർഷമാണ് ചെറായി ക്രിയേറ്റീവ് സാംസ്‌കാരിക വേദി തായം കളി മത്സരം സംഘടിപ്പിക്കുന്നത്.ഡേ നൈറ്റ് ടൂര്‍ണമെന്റില്‍ 16 ടീമുകളിലായി വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ 32 പേരാണ് മല്‍സരിച്ചത്. വി.ജി.വിഷ്ണു, എം.എസ്.ശരത്, കെ.പി.രാഹുല്‍, കെ.എസ്.അക്ഷയ്, ടി.ബി.അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എം.രവി, കെ.യു.നിഷാദ്, വി.എം.ഷറഫുദ്ദീന്‍ എന്നിവര്‍ കളി നിയന്ത്രിച്ചു. 4 വശവും മുള കെട്ടിതിരിച്ച് പ്രത്യേകം തയ്യാറാക്കിയ കളത്തിലാണ് കളി നടക്കുക. 5 കബഡികള്‍ കയ്യില്‍ അടുക്കി തലപ്പൊക്കത്തില്‍ എറിയുന്നതാണ് കളി. മലര്‍ന്നു വീഴുന്ന കബഡിയാണ് എണ്ണം കണക്കാക്കുക. ഇരു ടീമുകള്‍ക്കും 5 വീതം ചൂതാണ് ഉണ്ടാകുക. കളത്തിലെ 25 ചതുരത്തിലൂടെ നീങ്ങി അകത്തു കയറി അതേപടി പുറത്തിറങ്ങുന്നതാണ് കളി. മുന്നിലെ ചൂതിനെ വെട്ടിയ ശേഷം മാത്രമെ എതിര്‍ ടീമിന്റെ ചൂതിനു മുന്നോട്ട് പോകാന്‍ കഴിയൂ എന്നതിനാല്‍ വെട്ടുംതട എന്ന പേരിലും ഈ കളി അറിയപ്പെടുന്നു. ചില പ്രദേശങ്ങളില്‍ നടത്തുന്ന കളിയില്‍ ഇത്തരത്തില്‍ ചൂതിനെ വെട്ടാതെയും മുന്നോട്ടു പോകാം. പക്ഷേ ഇത് കളിയിലെ ആവേശം കുറക്കും.കളത്തിലെ കരു നീക്കവും പ്രധാനമാണ്.നന്നായി കളിച്ചാല്‍ പോലും കരു നീക്കം പിഴച്ചാല്‍ തോല്‍ക്കും. ചൂത് വക്കാന്‍ ഇരു ടീമില്‍ നിന്നും ഒരാള്‍ വീതം കളത്തില്‍ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *