കുന്നംകുളം: ചൊവ്വന്നൂർ പഞ്ചായത്ത് അംഗവും മാന്തോപ്പ് അംഗനവാടി ജീവനക്കാരിയുമായ ബിന്ദു മോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്ന അവധി ദിവസങ്ങളിൽ ഹാജർ ബുക്കിൽ ഒപ്പിട്ടതായി ആരോപിച്ച് ബിജെപി ചൊവ്വന്നൂർ പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിജെപി അംഗങ്ങൾ ആരോപണവുമായി രംഗത്തെത്തിയത്. ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി അംഗനവാടി വർക്കറെ സ്ഥലംമാറ്റി.
സംഭവത്തെ തുടർന്ന് ബിജെപി ചൊവ്വന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മിഥുൻ പുതുശ്ശേരി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ചൊവ്വന്നൂർ ബ്ലോക്ക് സിഡിപിഒ അംഗനവാടി ടീച്ചറെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് നൽകിയതെന്നും ബിജെപി ആരോപിച്ചു. ഈ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ജില്ലാ പ്രോഗ്രാം ഓഫീസർക്കും ജില്ലാ കളക്ടർക്കും നൽകിയ പരാതിയിൽ ജില്ലാ പ്രോഗ്രാം ഓഫീസർ നേരിട്ട് അന്വേഷണം നടത്തുകയും ഇവർ കുറ്റക്കാരിയാണെന്ന് ബോധ്യപ്പെടുകയും സംഭവത്തിൽ അംഗനവാടി ജീവനക്കാരിയെ ശിക്ഷ നടപടിയുടെ ഭാഗമായി പണിഷ്മെൻറ് ട്രാൻസ്ഫർ നൽകി ഉത്തരവിടുകയും ചെയ്തതായി ബിജെപി പ്രവർത്തകർ പറഞ്ഞു. ജില്ലാ പ്രോഗ്രാം ഓഫീസറുടെ നേരിട്ടുള്ള അന്വേഷണത്തിൽ ഇവർ വർഷങ്ങളായി സംഭവം തുടർന്നു പോകുന്നതായും ജനപ്രതിനിധി കൂടിയായ ഇവർ നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജനങ്ങളെയും സർക്കാരിനെയും വർഷങ്ങളായി കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇവർക്ക് വാർഡ് അംഗമായി തുടരാൻ യോഗ്യതയില്ലെന്നും ആയതിനാൽ ഇവരുടെ പഞ്ചായത്ത് അംഗത്വത്തിന് അയോഗ്യത കൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ കെഎസ് രാജേഷ്, ബിജെപി കുന്നംകുളം മണ്ഡലം ജനറൽ സെക്രട്ടറി പിജെ ജെബിൻ, കുന്നംകുളം മണ്ഡലം ട്രഷറർ സുമേഷ് കുട്ടൻ ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് മിഥുൻ പുതുശ്ശേരി എന്നിവർ അറിയിച്ചു.
അവധി ദിവസങ്ങളിലും ഹാജർ ബുക്കിൽ ഒപ്പിട്ടു; ബിജെപിയുടെ പരാതിയിൽ ചൊവ്വന്നൂരിൽ അംഗനവാടി ജീവനക്കാരിയെ സ്ഥലംമാറ്റി
