ശബരിമല:തീർഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷയും വെർച്വൽ ക്യൂവിനൊപ്പം തത്സമയ ബുക്കിങ്ങിനും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി. 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 10,000 പേർക്ക് തത്സമയ ബുക്കിങ്ങുമടക്കം 80,000 പേർക്ക് പ്രതിദിന ദർശന സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആധാർ രേഖകൾ നൽകിയാണ് തത്സമയ ബുക്കിങ് നടത്തേണ്ടത്. ആധാർ ഇല്ലാത്തവർ പാസ്പോർട്ടോ വോട്ടർ ഐ.ഡിയോ കരുതണം. ഒപ്പം ഫോട്ടോയുമെടുക്കും. ഇതിനായി പമ്പ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തും.പുർച്ചെ മൂന്ന് മുതൽ ഉച്ചക്ക് ഒരുമണിവരെയും ഉച്ചക്ക് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം.കഴിഞ്ഞ വർഷം 16 മണിക്കൂറായിരുന്നത് ഇക്കുറി 18 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്. തീർഥാടകരുണ്ടെങ്കിൽ നടയടയ്ക്കുന്ന സമയം അരമണിക്കൂർ വരെ ദീർഘിപ്പിക്കും.നവംബർ 15ന് വൈകീട്ട് അഞ്ചിന് നടതുറക്കും.ബോർഡ് അംഗങ്ങളായ അഡ്വ.എ. അജികുമാർ,ജി.സുന്ദരേശൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങി
