പുന്നയൂർക്കുളം:വടക്കേക്കാട് തണൽ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം ജനകീയമാക്കുന്നതിന് വേണ്ടി തണൽ കുടുംബ സംഗമം നടത്തി.
നാടിന് തണലൊരുക്കാൻ ഒരുമിച്ചിറങ്ങാം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തിയ കുടുംബ സംഗമം എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പെയിൻ ആൻഡ് പാലിയേറ്റീവ് മേഖലയിൽ വിപുലമായ പ്രാധാന്യം വരുവാൻ പോവുകയാണെന്നും ഇത്തരം സാഹചര്യത്തിലാണ് സന്നദ്ധമായ സമർപ്പിതമായ തണൽ സ്ഥാപനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതെന്നും തണൽ എന്ന പ്രസ്ഥാനം നൂറുകണക്കിന് രോഗികൾക്ക് തണലും അവയവവും നൽകുന്ന ഒന്നാണ്. ഇത് നിലനിൽക്കാൻ നല്ല മനസ്സുള്ള ആളുകളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാവണമെന്ന് എംഎൽഎ പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിലുള്ള തണൽ ഡയാലിസിസ് സെന്റർ ഒന്നരവർഷമായി വടക്കേകാട് പ്രവർത്തനം നടത്തിവരുന്നുണ്ട് .രാജ്യത്ത് 17 സംസ്ഥാനങ്ങളിലായി വിവിധങ്ങളായ ആരോഗ്യ വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ 22 പദ്ധതികൾ ജനകീയ സഹകരണത്തോടെ 17 വർഷമായി തണൽ നടത്തി വരുന്നു. വടക്കേക്കാട് തണൽ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തിൽ വടക്കേക്കാട്, പുന്നയൂര്,പുന്നയൂർക്കുളം മറ്റു സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 20 വൃക്ക രോഗികൾക്ക് സൗജന്യമായും വളരെ കുറഞ്ഞ നിരക്കിലും ഇവിടെ ഡയാലിസിസ് ചെയ്തു വരുന്നു.നിലവിൽ 15 ഡയാലിസിസ് മെഷിൻ പ്രവർത്തിപ്പിക്കുവാനുള്ള സൗകര്യം ഉണ്ടെങ്കിലും 5 മിഷീൻ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇനിയും മെഷിനുകൾ പ്രവർത്തിച്ചാൽ മാത്രമാണ് രോഗികളുടെ കണക്കിന് അനുസരിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുക. ഇത്തരം പോരായ്മകൾ നികത്തി വൃക്ക രോഗികൾക്ക് ആശ്വാസവും സാന്ത്വന സ്പർശവുമായി വടക്കേക്കാട് തണലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും വിപുലവും ആക്കുന്നതിന് വേണ്ടിയാണ് കുടുംബ സംഗമം നടത്തിയത്. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ നബീൽ അധ്യക്ഷത വഹിച്ചു.തണൽ കേന്ദ്ര കമ്മിറ്റി ചെയർമാൻ ഡോ. ഇദിരീസ് മുഖ്യപ്രഭാഷണം നടത്തി. തണൽ സോഷ്യൽ വർക്ക് എച്ച് ഒ ഡി ബൈജു ആയടത്തിൽ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ , പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ നിഷാർ, വാർഡ് മെമ്പർ ബീന സുരേന്ദ്രൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുൽ ഹമീദ്, ഡോ. കെ എച്ച് അബ്ദുല്ലത്തീഫ്, ഒ. എം മുഹമ്മദാലി,കെ.വി അബ്ദു, ലത്തീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു
വടക്കേക്കാട് തണൽ കുടുംബ സംഗമം നടത്തി
