എം.ടി.വാസുദേവൻ നായർ ഇനി ഓർമ

കോഴിക്കോട്:നക്ഷത്രസമാനമായ വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച അതിമഹാനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ഇനി ഓർമ.
തലമുറകളുടെ സ്നേഹവാത്സല്യങ്ങൾക്കും ആദരവുകൾക്കും നടുവിൽ പതിറ്റാണ്ടുകളായി മലയാള സാഹിത്യ ലോകത്തെ സുകൃതമായി പരിലസിച്ച ആ അതുല്യ പ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് അങ്ങേയറ്റം ഹൃദ്യമായി വിളക്കിച്ചേർത്ത അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപ്രതിയിലായിരുന്നു. 91 വയസ്സായിരുന്നു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു.സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം 1995ൽ എം.ടി.ക്ക് ലഭിച്ചിരുന്നു. 2005ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്), വയലാർ അവാർഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മരാജൻ പുരസ്കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. മലയാള സാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് കോഴിക്കോട് സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു. അദ്ദേഹം തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഇതിന് പുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *