മോർ കൂറിലോസ് വലിയ ബാവായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

തൊഴിയൂർ: മലങ്കരയിലെ പ്രഥമ പരിശുദ്ധനും മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാവുമായ കാട്ടുമാങ്ങാട്ടെ  അബ്രഹാം മാർ കൂറിലോസ് വലിയ ബാവായുടെ 223-മത് ഓർമ്മപ്പെരുന്നാളിന് കൊടിയേറി. സഭാ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തിൽ സഭാ പരമാധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റി. ജൂലൈ 9,10 (ബുധൻ,വ്യാഴം) ദിവസങ്ങളിലാണ് പെരുന്നാൾ. ബുധനാഴ്ച്ച വൈകീട്ട് 3.30 ന് കുന്നംകുളം സെന്റ്‌ തോമസ് കുന്നത്തെ പള്ളിയിൽ നിന്നും തൊഴിയൂർ ഭദ്രാസന പള്ളിയിലെ ബാവായുടെ കബറിങ്കലേക്കുള്ള പദയാത്ര ആരംഭിക്കും. വൈകീട്ട് 5 ന് അഞ്ഞൂർ ബഹനാം ചാപ്പലിൽ സമാപിച്ച് കാൽനട ഘോഷയാത്ര ഭദ്രാസന പള്ളിയിൽ എത്തിച്ചേരും. തുടർന്ന് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ നേതൃത്വത്തിൽ മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് നൽകുന്ന സ്വീകരണ സമ്മേളനം ആരംഭിക്കും. തുടർന്ന് പെരുന്നാൾ സന്ധ്യാനമസ്ക്കാരവും ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥനയും ആശിർവാദവും അത്താഴ ഊട്ടും ഉണ്ടായിരിക്കും. പ്രധാന പെരുന്നാൾ ദിവസമായ വ്യാഴാഴ്ച രാവിലെ 8 ന് പ്രഭാത നമസ്ക്കാരവും 8.30 ന് വിശുദ്ധ ഒമ്പതിന്മേൽ കുർബ്ബാനയും, മധ്യസ്ഥ പ്രാർത്ഥനയും, സഭയുടെ ആദ്യ ദേവാലയമായ അഞ്ഞൂർ മാർ ബഹനാം ചാപ്പലിലേക്ക് കൊടിയും സ്ലീബായും, ശ്ലൈഹീക വാഴ്വും, പൊതുസദ്യയും ഉണ്ടായിരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് അഭിവന്ദ്യ മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരിയും സഭാ വൈദീക ട്രസ്റ്റിയുമായ ഫാ.തോമസ് കുരിയൻ, സഭാ സെക്രട്ടറി ബിനോയ്‌ പി മാത്യു, അൽമായ ട്രസ്റ്റി ഗീവർ മാണി, ഇടവക സെക്രട്ടറി ബാബു സി.വി , ട്രഷറർ റെജി കെ.എസ്, ഓർമ്മപ്പെരുന്നാൾ ആഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *