ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ…വിറളി പൂണ്ട പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുന്നു;ചെയർപേഴ്സൺ

ചാവക്കാട്:ബീച്ച് ഫെസ്റ്റിവൽ ചാവക്കാട് നഗരസഭയും ഡിഎംസിയും സംയുക്തമായാണ് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചത്. നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിച്ച് ഏറ്റവും സുതാര്യമായാണ് ഇതു സംബന്ധിച്ച എല്ലാ കാര്യങ്ങളും നടത്തിയിട്ടുള്ളത്. നഗരസഭയിലെ ചില പ്രതിപക്ഷ കൗൺസിലർമാർ വസ്തുതകൾ പരിശോധിക്കാതെയും തികച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിക്കുകയാണ്. ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സ്റ്റേജിനും അനുബന്ധ പ്രവർത്തികൾക്കും ഡിഎംസി യും ലൈറ്റ് & സൗണ്ടിന് നഗരസഭയും ടെണ്ടർ ക്ഷണിക്കുകയാണ് ചെയ്തത്. പ്രോഗ്രാമിന് ഡിഎംസി ഓഫർ ക്ഷണിക്കുകയും ചെയ്തു. ഇതിൽ കുറവ് സംഖ്യ രേഖപ്പെടുത്തിയ ടെണ്ടറുകളും ഓഫറും അംഗീകരിക്കുകയും പ്രവർത്തികൾ ചെയ്യുകയുമാണ് ചെയ്തിട്ടുള്ളത്. ഇതിൽ സ്റ്റേജ് & അനുബന്ധ പ്രവർത്തികളുടെ കുറഞ്ഞ ടെണ്ടർ സ്മാർട്ട് സൌണ്ടിൻ്റെതായിരുന്നു. കുറഞ്ഞ ടെണ്ടർ രേഖപ്പെടുത്തിയ സ്മാർട്ട് സൌണ്ടാണ് ഈ പ്രവർത്തികൾ ചെയ്തത്. കൗൺസിലർ സത്താർ സ്മാർട്ട് സൗണ്ട് എങ്ങിനെ എത്തി എന്നാണ് കൗൺസിൽ യോഗത്തിൽ ചോദിച്ചത്. ടെണ്ടറിൽ പങ്കെടുക്കാത്ത ഒരാൾ എങ്ങിനെ പ്രവർത്തി നടത്തി എന്നാണ് അദ്ദേഹം ഉന്നയിച്ചത്.സ്മാർട്ട് സൗണ്ട് ടെണ്ടറിൽ പങ്കെടുത്തിട്ടുള്ള വിവരം മനസിലാക്കാതെയാണ് ഈ കാര്യം അദ്ദേഹം ഉന്നയിച്ചത്. ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി അവിടത്തെ ഇല്യൂമിനേഷൻ വർണ്ണ മഴ എന്നിവ സ്പോൺസർഷിപ്പിലൂടെയാണ് സംഘടിപ്പിച്ചത്.ഇത് മനസിലാക്കാതെ ടെണ്ടറിൽ രേഖപ്പെടുത്തിയ തീയതിക്ക് ഇല്യൂമിനേഷൻ നടത്തിയില്ല എന്നു കൂടി സത്താർ ഉന്നയിച്ചു. ഇല്യൂമിനേഷനും വർണ്ണമഴയും സ്പോൺസർഷിപ്പിലൂടെ സംഘടിപ്പിച്ചത് കൊണ്ട് ഇതിന് ടെണ്ടർ വിളിക്കേണ്ട ആവശ്യം വേണ്ടി വന്നില്ല. സ്പോൺസർമാരുടെ നേതൃത്വത്തിലാണ് ഈ കാര്യങ്ങൾ ചെയ്തിട്ടുള്ളത്. വസ്തുതകൾ ഇതായിരിക്കെ ഒന്നും മനസിലാക്കാതെയാണ് നിരുത്തരവാദമായ പരാമർശങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമായി സത്താർ ഉന്നയിച്ചത്.ഫണ്ടിൻ്റെ പരമിതി മൂലം ചെറിയ തോതിലാണ് ഈ പ്രാവശ്യം പരിപാടികൾ സംഘടിപ്പിച്ചത്.എങ്കിലും ബീച്ച് ഫെസ്റ്റിവലിൽ പതിനായിരക്കണക്കിനാളുകളാണ് ബീച്ചിൽ ഒഴുകിയെത്തിയത്. ഇതിൽ വിറളി പൂണ്ട പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുകയാണ്.ചാവക്കാട് നഗരസഭയും ഡിഎംസി യും ഏററവും സുതാര്യമായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ആയതിനാൽ പ്രതിപക്ഷ കൗൺസിലറുടെ കള്ള പ്രചരണങ്ങളെ ജനങ്ങൾ തള്ളി ക്കളയണമെന്ന് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *