തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾകൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങത്തുപറമ്പിൽ ബിനോജിന്റെയും ജൂലിയുടെയും മകൾ എറിൻ (16) ആണ് മരിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിൽ തുടരവെ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. തൃശ്ശൂർ സെയ്ന്റ് ക്ലേയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകൾ അലീനാ ഷാജൻ (16), പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടിൽ സജിയുടെയും സെറീനയുടെയും മകൾ ആൻ ഗ്രേസ് (16) എന്നിവരാണ് നേരത്തെ മരിച്ചത്.ആന്തരികാവയവങ്ങളുടെ പ്രവർത്തനമടക്കം നിലച്ച സ്ഥിതിയിലായിരുന്നു.പെൺകുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് വൈകുന്നേരം ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. അതേസമയം, വെന്റിലേറ്ററിൽ ഇപ്പോഴും ചികിത്സയിൽ കഴിയുന്ന നിമയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട് എന്നും വിവരം. അധികം വൈകാതെ പെൺകുട്ടിയെ വെൻ്റിലേറ്ററിൽ നിന്നും മാറ്റാൻ കഴിയുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.നാല് പെൺകുട്ടികളാണ് പീച്ചി ഡാം റിസർവോയറിന്റെ തെക്കേക്കുളം ഭാഗത്ത് വെള്ളത്തിൽ വീണത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച വൈകീട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം. അലീനാ ഷാജൻ, ആൻ ഗ്രേസ്, എറിൻ, പീച്ചി സ്വദേശിനി പുളിയമ്മാക്കൽ ജോണിയുടെയും ഷാലുവിന്റെയും മകൾ നിമ (12) എന്നിവരായിരുന്നു അപകടത്തിൽപ്പെട്ടത്.
പ്രാർത്ഥനകൾ വിഫലം;പീച്ചി ഡാം റിസർവോയറിൽ വീണ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി
