വടക്കേക്കാട് പഞ്ചായത്ത് വികസന സെമിനാർ

വടക്കേക്കാട്:വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നഫീസ കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിനും,ദാരിദ്ര്യ ലഘൂകരണത്തിനും, അതിദരിദ്ര നിർമ്മാർജ്ജനത്തിനും ഊന്നൽ നൽകി 2025-26 വർഷത്തെ പദ്ധതികൾ ആവിഷ്ക്കരിക്കുന്ന
5.5 കോടിയുടെ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. “എന്റെ ഗ്രാമം ശുചിത്വ ഗ്രാമം” എന്ന കാഴ്ചപ്പാടോടെ മാലിന്യ സംസ്‌കരണ പദ്ധതികൾ രൂപീകരിക്കുന്നതിനും, തൊഴിൽ രഹിതർ ഇല്ലാത്ത ഗ്രാമം, നെൽകൃഷി, പച്ചക്കറി കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിൽ സമ്പൂർണ്ണത കൈവരിക്കുന്ന ഗ്രാമം എന്നീ കാഴ്ചപ്പോടോട് കൂടിയാണ്  പദ്ധതികൾ രൂപീകരിക്കുന്നത്. വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ സൗജന്യമായി ലഭിച്ച സ്ഥലത്ത് ഗവൺമെന്റ് എൽ.പി സ്‌കൂളിന് കെട്ടിടം പണിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യ മേഖലയിലും മികച്ച നേട്ടം കൈവരിക്കാവുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഞമനേങ്ങാട് സബ്ബ് സെൻ്ററിന് ലഭ്യമായ സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ്
ജിൽസി ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ മുഖ്യാതിഥിയായി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മക്കാലിക്കൽ പദ്ധതി രേഖ അവതരിപ്പിച്ചു.സ്ഥിരം സമിതി അധ്യക്ഷ രുഗ്മ്യ സുധീർ, ബ്ലോക്ക് മെമ്പർമാരായ തെക്കുമുറി കുഞ്ഞ് മുഹമ്മദ്, ബിജു പള്ളിക്കര മറ്റു വാർഡ് മെമ്പർമാർ,രാഷ്ട്രീയപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അബ്ദുൽ റഷീദ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി അനിത രാമൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *