ചാലക്കുടി:പോട്ട ഫെഡറൽ ബാങ്കിൽ പട്ടാപ്പകലുണ്ടായ കവർച്ച നടന്നിട്ട് 24 മണിക്കൂറിലധികം പിന്നിടുമ്പോഴും കള്ളനെക്കുറിച്ച് കൃത്യമായ സൂചന ലഭിക്കാതെ പോലീസ്.കള്ളന്റെയും വാഹനത്തിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടും യാതൊരു തുമ്പും ഇതുവരെ ലഭിച്ചില്ല. അധികമാർക്കുമില്ലാത്ത മോഡൽഇരുചക്രവാഹനത്തിലാണ് പ്രതിയെത്തിയത്.അതിനാൽ കണ്ടെത്താൻ എളുപ്പമാകുമെന്നാണ് കരുതുന്നത്.ഇലക്ട്രിക് സ്കൂട്ടറെന്നു തോന്നിപ്പിക്കുന്ന പെട്രോൾ സ്കൂട്ടറാണ് ഇത്.ബാങ്കിൽനിന്ന് പുറത്തിറങ്ങിയശേഷം ചാലക്കുടി ടൗൺ ഭാഗത്തേക്കാണ് മോഷ്ടാവ് പോയത്.ഇതിനെ അടിസ്ഥാനപ്പെടുത്തി അങ്കമാലി, പെരുമ്പാവൂർ ഭാഗങ്ങളിൽ പോലീസ് പരിശോധനകർശനമാക്കിയിരുന്നു.എന്നാൽ, അവിടങ്ങളിലേക്ക് മോഷ്ടാവ് എത്തിയിട്ടില്ലെന്ന് രാത്രി വൈകിയാണ് പോലീസ് തിരിച്ചറിഞ്ഞത്.ബാങ്കിന് രണ്ടുകിലോമീറ്റർ അകലെയുള്ള സുന്ദരിക്കവലയിൽവെച്ചാണ് മോഷ്ടാവ് അപ്രത്യക്ഷനായത്. ഇവിടെനിന്ന് ചെറുറോഡുകൾ വഴി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പ്രവേശിക്കാം.തൃശ്ശൂരിൽ എത്തിയിരുന്നതായും സംശയമുണ്ട്. മോഷ്ടാവ് സംസ്ഥാനം കടന്നെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കള്ളനെ അന്വേഷിച്ച് വിവിധ ജില്ലകളിൽ പരിശോധനകൾ നടക്കുന്നുണ്ട്. പ്രതിയിലേക്കെത്താൻ വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത്. 25 ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണത്തിലുള്ളത്
ബാങ്ക് കവർച്ച; മോഷ്ടാവിനെ കുറിച്ച് സൂചന ലഭിക്കാതെ പൊലീസ്
