ഗുരുവായൂർ ഉത്സവബലി ദർശനത്തിന് ആയിരങ്ങളെത്തി

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രോത്സവ ചടങ്ങുകളിലെ താന്ത്രിക പ്രധാന്യമേറിയ ഉത്സവബലി ദർശനത്തിന് ആയിരങ്ങളെത്തി. രാവിലെ പന്തീരടി പൂജക്ക് ശേഷമാണ് ഉത്സവബലി ചടങ്ങുകൾ ആരംഭിച്ചത്. സപ്തമാതൃക്കൾക്ക് ഹവിസ് തൂവി പുറത്തേക്കെഴുന്നള്ളുന്ന സമയത്ത് നാരായണനാമ ജപത്തോടെ ക്ഷേത്രാ ന്തരീക്ഷം ഭക്തി സാന്ദ്രമായി. ഹവിസ് തൂവി തുടങ്ങിയതോടെ നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്ത് സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ച ഗുരുവായൂരപ്പനെ ദർശിക്കാനും ഭക്തജനതിരക്കനുഭവപ്പെട്ടു. നാലമ്പലത്തിന് പുറത്ത് വലിയ ബലിക്കല്ലിലും ധ്വജദേവതകൾക്കും പരിപാലകർക്കും ഹവിസ് തൂവി. ക്ഷേത്രപാലകന് ഹവിസ് തൂവിയതോടെ ചടങ്ങ് പൂർത്തിയായി.  തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ആറ് മണിക്കുറോളം നീണ്ടു നിന്ന ചടങ്ങിൽ തന്ത്രി, കീഴ്ശാന്തി, തിടമ്പെഴുന്നള്ളിക്കുന്ന നമ്പൂതിരി, വിളക്ക് പിടിക്കുന്നവർ എന്നിവരെല്ലാം ഉത്തരീയം ധരിച്ച് ജലപാനമില്ലാതെ ശുദ്ധോപവാസത്തിലായിരുന്നു ചടങ്ങു പൂർത്തിയാക്കിയത്. ഓരോ ദേവതകൾക്കും ഗുരുവായൂരപ്പന്റെ തങ്കതിടമ്പിന്റെ സാന്നിധ്യത്തിൽ ഹവിസ് സമർപ്പിച്ചു. ഗുരുവായൂരപ്പൻ നേരിട്ട് പരിവാര ദേവതകൾക്ക് നിവേദ്യവും പൂജയും നൽകുന്നു എന്നതാണ് ഉത്സവബലിയിലെ സങ്കൽപ്പം.

Leave a Reply

Your email address will not be published. Required fields are marked *