തൃശൂർ:ഹരിതകർമസേന വീടുകളിൽനിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയർന്ന സാഹചര്യത്തിൽ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്.
ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളിൽ ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. 2023 മാർച്ചിലെ സർക്കാർ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകർമസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ ട്രോളി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
ഹരിതസേനയ്ക്കായുള്ള പാഴ് വസ്തു ശേഖരണ കലണ്ടർ വീണ്ടും അച്ചടിച്ചു നൽകുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി. ഇതുപ്രകാരം ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുൻകൂട്ടി അറിയിക്കണം.
പ്ലാസ്റ്റിക് ശേഖരിക്കാൻ മാത്രം വീടുകളിൽനിന്ന് മാസംതോറും 50 രൂപ ഈടാക്കുന്നതിനെതിരേ ചിലയിടങ്ങളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് ഇതു 100 രൂപയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ ആക്രിക്കാർക്കു കൊടുത്താൽ വില കിട്ടുമെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലുണ്ട്. ഇതിലുപരി ജലാശയങ്ങളിലും പൊതുവിടങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടുന്നതും തദ്ദേശവകുപ്പിന്റെ പുതിയ നിർദേശത്തിനു കാരണമായിട്ടുണ്ടെന്നാണു സൂചന.പാഴ് വസ്തുശേഖരണ കലണ്ടർ പ്രകാരം ശേഖരിക്കേണ്ട മാലിന്യങ്ങൾ ഇങ്ങിനെ –
ജനുവരി, ജൂലായ്: ഇ-വേസ്റ്റ്
ഫെബ്രുവരി: തുണിമാലിന്യം
മാർച്ച്, ഒക്ടോബർ: ആപത്കരമായ ഇ-മാലിന്യങ്ങൾ (പിക്ചർ ട്യൂബ്, ബൾബ്, ട്യൂബ്).ഏപ്രിൽ, നവംബർ: ചെരിപ്പ്, ബാഗ്, തെർമോകോൾ,തുകൽ, അപ്ഹോൾസ്റ്ററി വേസ്റ്റ്, പ്ലാസ്റ്റി ക് പായ, മെത്ത, തലയണ, ചവിട്ടി .മേയ്, ഡിസംബർ: കുപ്പി,ചില്ലു മാലിന്യങ്ങൾ.ജൂൺ: ടയർ
ഓഗസ്റ്റ്: പോളി എത്ലിൻ പ്രിന്റിങ് ഷീറ്റ്, സ്ക്രാപ് ഇനങ്ങൾ.
സെപ്റ്റംബർ: മരുന്നു സ്ട്രിപ്
ഹരിതകർമസേന പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വീടുകളിൽ ചെന്ന് ശേഖരിക്കണം;തദ്ദേശ വകുപ്പ്
