ഗുരുവായൂർ: ദേവസ്വം നാലാമത് അഷ്ടപദി സംഗീതോൽസവം വൈശാഖമാസ സമാരംഭ ദിനമായ ഏപ്രിൽ 28 തിങ്കളാഴ്ച നടക്കും. രാവിലെ 6ന് ക്ഷേത്രം ശ്രീലകത്തു നിന്ന് പകർന്ന ഭദ്രദീപം ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ മണ്ഡപത്തിൽ തെളിയിക്കുന്നതോടെ അഷ്ടപദി സംഗീതോൽസവം ആരംഭിക്കും. എഴുപതിലേറെ അഷ്ടപദി ഗായകർ സംഗീതാർച്ചന നടത്തും.വൈകിട്ട് 6 മുതൽ വിശേഷാൽ അഷ്ടപദി പഞ്ചരത്ന കീർത്തനം.തുടർന്ന് സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും.
ഗുരുവായൂരപ്പൻ്റെ ഇഷ്ട ഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാര സമർപ്പണം അന്നേ ദിവസം രാത്രി ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേനത്തിൽ വെച്ച് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ നിർവ്വഹിക്കും. മുതിർന അഷ്ടപദി കലാകാരൻ തിരുനാവായ ശങ്കര മാരാർ പുരസ്കാരം ഏറ്റുവാങ്ങും. പുരസ്കാര സമർപ്പണത്തിനു ശേഷം പുരസ്കാര സ്വീകർത്താവായ തിരുനാവായ ശങ്കര മാരാരുടെ വിശേഷാൽ അഷ്ടപദി കച്ചേരിയുമുണ്ടാകും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങിൽ അധ്യക്ഷനാകും. ദേവസ്വം ഭരണസമിതി അംഗങ്ങളും അഷ്ടപദിപുരസ്കാര നിർണയ സമിതി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരാകും.
ഗുരുവായൂർ ദേവസ്വം നാലാമത് അഷ്ടപദി സംഗീതോൽസവം ഏപ്രിൽ 28ന്; തിരുനാവായ ശങ്കര മാരാർക്ക് അഷ്ടപദി പുരസ്കാരം സമ്മാനിക്കും
