പുതുക്കാട്: ദേശീയപാത ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.കാറിലുണ്ടായിരുന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.തൃശൂരിലെ സ്വകാര്യ ആ ശുപത്രിയിൽ നിന്ന് പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ മുരിങ്ങൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ആണ് കത്തി നശിച്ചത്. മുരിങ്ങൂർ ഐക്കരപ്പറമ്പിൽ വീട്ടിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൻ്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടയുടനെ ഇവർ കാറിൽ നിന്നിറങ്ങുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന സാധനങ്ങൾ മാറ്റിയതിന് തൊട്ടുപിന്നാലെ തീ ആളിപടർന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ കാർ പൂർണമായും കത്തിനശിച്ചു. പുതുക്കാട് നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതുക്കാട് പൊലീസും സ്‌ഥലത്തെത്തിയിരുന്നു.തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
