സമഗ്ര വികസനപാതയിൽ ചാവക്കാട്;കളിക്കളവും മൊബൈൽ മാലിന്യ സംസ്കരണ യൂണിറ്റും യാഥാർത്ഥ്യമായി

ചാവക്കാട് :ചാവക്കാടിന്റെ സമഗ്ര വികസനത്തിന് പുതിയ ഊർജ്ജം പകർന്ന് രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി തുടക്കമായി. കായികപ്രേമികളുടെ ദീർഘകാല സ്വപ്നമായ കളിക്കളത്തിന്റെ നിർമ്മാണോദ്ഘാടനവും, മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവം കുറിക്കുന്ന മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് വാഹനത്തിന്റെ (FSTP) പ്രവർത്തനോദ്ഘാടനവും സംസ്ഥാന കായിക, വഖഫ്, ഹജ്ജ്, റെയിൽവെ, പോസ്റ്റ് & ടെലഗ്രാഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ശുചിത്വ അംബാസിഡർ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർമാൻ കെ.കെ.മുബാറക്ക് സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ അസി. എഞ്ചിനീയർ സി. എൽ.ടോണി,ക്ലീൻ സിറ്റി മാനേജർ ബി.ദിലീപ് എന്നിവർ പദ്ധതികളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, പി. എസ്. അബ്ദുൽ റഷീദ്, അഡ്വ.മുഹമ്മദ് അൻവർ,മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം. ആർ. രാധാകൃഷ്ണൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. എ മഹേന്ദ്രൻ,പി കെ സെയ്താലിക്കുട്ടി, അഡ്വ. മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 27-ാം വാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ പ്രസന്ന രണദിവേ നന്ദി രേഖപ്പെടുത്തി.ചാവക്കാട് നഗരസഭയുടെ പരപ്പിൽ താഴത്തുള്ള എം.സി.എഫിനോട് ചേർന്നാണ് ആധുനിക കളിക്കളം ഒരുങ്ങുന്നത്. 25 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ കളിക്കളം ചാവക്കാട്ടെ കായിക താരങ്ങൾക്കും കായിക പ്രേമികൾക്കും വലിയ പ്രയോജനമാകും. കളിക്കളത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ചാവക്കാടിന്റെ കായിക മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, ചാവക്കാടിന്റെ സമഗ്ര വികസനത്തിന് ഈ പദ്ധതികൾ ആവശ്യമായതിനാൽ നഗരസഭയ്ക്ക് സംസ്ഥാന കായിക വകുപ്പിൽ നിന്നും കളിക്കളത്തിനായി കൂടുതൽ തുക അനുവദിക്കാം എന്നും മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.മൊബൈൽ FSTP വാഹനം
മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ചാവക്കാട് നഗരസഭയുടെ മറ്റൊരു വിപ്ലവകരമായ ചുവടുവെപ്പാണ് സഞ്ചരിക്കുന്ന ( FSTP ) വാഹനം. 45 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ പ്രത്യേക രൂപകൽപ്പന ചെയ്ത ഈ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ്, സെപ്റ്റേജ് മാലിന്യം ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കാൻ സഹായിക്കും. ഇത് മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, പൊതുജനാരോഗ്യ സംരക്ഷണത്തിൽ നിർണ്ണായക പങ്ക് വഹിക്കും.ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ, ഹരിതകർമ്മസേന അംഗങ്ങൾ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *