ഗുരുവായൂർ : മുംബൈയിൽ നിന്നും യു.പിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ കാണാതായ ഗുരുവായൂർ സ്വദേശിയായ സൈനികൻ വീട്ടിൽ തിരിച്ചെത്തി.
താമരയൂർ മസ്‌ജിദിന് സമീപം കൊങ്ങണം വീട്ടിൽ ഗഫൂറിൻ്റെയും ഫൗസിയയുടെയും മകൻ ഫർസീൻ (28) ആണ് ശനിയാഴ്ച രാത്രി വീട്ടിലെത്തിയത്. ഇദ്ദേഹത്തെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആർമി അധികൃതരെ വീട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്. ഫർസീനെ കണ്ടെത്താനായി ഗുരുവായൂർ പൊലീസ് യു.പിയിലേക്ക് പോയ സമയത്താണ് ഇദ്ദേഹം തിരിച്ചെത്തിയത്. ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളജിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീൻ പരിശീലനത്തിനായി യു.പിയിലെ ബറേലിയിലുള്ള ആർമി ആശുപത്രിയിലേക്ക് ട്രെയിൻ മാർഗം പോകുമ്പോഴാണ് കാണാതായത്. ബാന്ദ്രയിൽ നിന്ന് 22975 നമ്പർ റാംനഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് യു.പിയിലെബറേലിയിലേക്ക് പോയിരുന്നത്. ജൂലൈ10ന് രാത്രി 10.45 വരെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നു മില്ലായിരുന്നു.അഞ്ച് വർഷം മുൻപാണ് ഫർസീൻ ആർമിയിൽ ചേർന്നത്. മൂന്ന് മാസം മുമ്പ് നാട്ടിൽ വന്നു പോയിരുന്നു. ഭർത്താവിനെ കണ്ടെത്തണ മെന്നാവശ്യപ്പെട്ട് ഫർസീന്റെ ഭാര്യ സെറീന ഹൈകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും മുഖ്യമന്ത്രി, എം.പി, എം.എൽ.എ, പൊലീസ് എന്നവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു
യു.പി യിൽ കാണാതായ ഗുരുവായൂർ സ്വദേശിയായ സൈനികൻ തിരിച്ചെത്തി
