റെയിൽവേ പാസഞ്ചർ അമിനിറ്റീസ് മുൻ ചെയർമാൻ പി. കെ കൃഷ്ണദാസ് ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു; അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക്13 കോടി, നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി

ഗുരുവായൂർ:റെയിൽവേ പാസഞ്ചർ അമിനിറ്റീസ് മുൻ ചെയർമാൻ പി.കെ കൃഷ്ണദാസ് ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
9.96 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും ഇനിയും 28 ശതമാനം പണികൾ പൂർത്തീകരിക്കാൻ ഉള്ളതായും സൂചിപ്പിച്ചു. നിലവിൽ പദ്ധതി നടത്തിപ്പിനായി വകയിരുത്തിയ തുക ആദ്യഘട്ടം ഉറപ്പാക്കിയതിൽ നിന്നും 30 ശതമാനം കൂടി അധികമായി വകയിരുത്തേണ്ട സാഹചര്യത്തെ കണക്കിലെടുത്ത് റെയിൽവേ ആ തുക കൂടി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ നിലവിൽ 13 കോടിയോളം തുക ചിലവഴിച്ചുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയാണ് ഗുരുവായൂരിൽ നടക്കുന്നത്. കൂടാതെ  റെയിൽവേ മേൽപ്പാലം, അടിപ്പാത എന്നിവയുടെ പ്രവർത്തനവും മറ്റൊരു പദ്ധതിയുടെ ഭാഗമായി നടപ്പിൽ വരുന്നുണ്ട്. Escalator ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള സ്റ്റേഷന്റെ നവീകരണ  പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടുകൂടി പൂർത്തീകരിക്കാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗുരുവായൂരിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ മുൻ നിർത്തിക്കൊണ്ടുള്ള നിവേദനങ്ങൾ ജില്ലാ, മണ്ഡലം ഭാരവാഹികൾ സമർപ്പിച്ചു. വടക്കോട്ട് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനായി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേരത്തെ സമർപ്പിച്ച നിവേദനത്തിൽ കണ്ണൂരിൽ നിന്നുള്ള ട്രെയിന്റെ എക്സ്റ്റൻഷൻ ഉൾപ്പെടെ നിലവിലെ സാഹചര്യത്തിൽ ഉടനടി പ്രാബല്യത്തിൽ വരുത്താൻ സാധിക്കുമോ എന്നുള്ളത് പരിശോധിക്കാമെന്നുമുള്ള ഉറപ്പും പി.കെ കൃഷ്ണദാസ് നല്കി.
നിലവിലെ വിഷയങ്ങളെല്ലാം തന്നെ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണെന്നും അതിനനുസരിച്ചുള്ള ചർച്ചകൾ നടക്കുന്നതായും, പൂർണമായും അനുഭാവപൂർണമായ നിലപാടാണ് റയിൽവേയുടെയും  കേന്ദ്രസർക്കാറിന്റെയും ഭാഗത്തുനിന്നുള്ളതെന്നും ഗുരുവായൂരിലെ റെയിൽവേ വികസനം പൂർണതിയിലെത്തുന്ന തരത്തിൽ തന്നെ വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നോർത്ത് ജില്ലാ അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ,ഗുരുവായൂർ  മണ്ഡലം അധ്യക്ഷൻ അനിൽ മഞ്ചറമ്പത്ത് മറ്റു ജില്ലാ മണ്ഡലം ഭാരവാഹികൾ,ഗുരുവായൂരിലെ ജനപ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *