വൈലത്തൂരിനെ ഭക്തിയുടെ നിറവിലാഴ്ത്തി നബിദിനാഘോഷം

വടക്കേക്കാട്: വൈലത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഅ്ദിനുൽ ഉലൂം മദ്രസയിൽ നബിദിനാഘോഷങ്ങൾ ഭക്തിനിറവിൽ ആരംഭിച്ചു.വെള്ളിയാഴ്ച പുലർച്ചെ നടന്ന മൗലിദ് ആത്മീയ സംഗമം ഖുർആൻ പാരായണത്തോടും ദുആ സദസ്സോടും കൂടി സമാപിച്ചു. പ്രവാചകപ്രേമം വിളിച്ചോതുന്ന മൗലിദ് മജ്ലിസിൽ പ്രവാചക പ്രകീർത്തനവും മദ്ഹുകളും അരങ്ങേറി. ഇന്ന് രാവിലെ മഹല്ല് ഖത്തീബ് മുഹമ്മദ് ശാഫി ഹൈതമിയുടെ നേതൃത്വത്തിലുള്ള പ്രാർത്ഥനയോടെ പരിപാടികൾക്ക് ആരംഭം കുറിച്ചു. തുടർന്ന് വൈസ് പ്രസിഡൻ്റ് മൂസ പതാക ഉയർത്തി.തുടർന്ന് അധ്യാപകരുടെയും മാനേജ്‌മെൻ്റിന്റെയും നേതൃത്വത്തിൽ നടന്ന നബിദിന റാലിയിൽ മദ്രസ വിദ്യാർത്ഥികളും നാട്ടുകാരും അണിനിരന്നു. ഉത്സാഹത്തോടും ആവേശത്തോടും കൂടിയ ഘോഷയാത്ര നാട്ടുവീഥികളിലൂടെ സഞ്ചരിച്ചു.മതസൗഹാർദ്ദ സന്ദേശങ്ങളുയർത്തിയ പതാകകളും ബാനറുകളുമായാണ് കുരുന്നുകൾ ഘോഷയാത്രയിൽ പങ്കെടുത്തത്.നാടിൻ്റെ വിവിധ സ്ഥലങ്ങളിൽ മധുരം നൽകി ഘോഷയാത്രക്ക് സ്വീകരണം ഒരുക്കിയിരുന്നു.വിശ്വാസികളുടെ സാന്നിധ്യം പരിപാടികൾക്ക് ഭംഗി കൂട്ടി.നബിദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക-ആത്മീയ പരിപാടികളും ഇന്ന് അരങ്ങേറും. ഞായറാഴ്ച രാവിലെ 10.30 മുതൽ 11:30 വരെ ഭക്ഷണവിതരണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *