വടക്കേക്കാട്: ആര്‍എസ്എസ് പ്രവർത്തകനായ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പതാം പ്രതി അറസ്റ്റില്‍. കയ്‌പമംഗലം സ്വദേശി കൊടുങ്ങൂക്കാരൻ വീട്ടിൽ നവാസ് (51) ആണ് പിടിയിലായത്. ഗൾഫിലായിരുന്ന ഇയാൾ നേപ്പാൾ വഴി ഇന്ത്യയിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.ഇതോടെ കേസിലെ ഒൻമ്പത് പ്രതികളിൽ ഏഴുപേരും അറസ്‌റ്റിലായി. ഒരാൾ മരിച്ചു. കൊലപാതകത്തിന്റെ സൂത്രധാരനായ സെയ്‌തലവി വിദേശത്ത് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ മതിലകത്ത് ഒരു കൊലപാതകക്കേസിലും നവാസ് പ്രതിയായിരുന്നു. മതിയായ തെളിവില്ലാത്തതിനാൽ വെറുതേ വിടുകയായിരുന്നു. തൊഴിയൂർ സുനിൽ വധത്തിനുശേഷം വിദേശത്തായിരുന്നു നവാസ്.
1994 ഡിസംബര്‍ നാലിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
തൊഴിയൂരിലെ ആർഎസ്എസ് കാര്യവാഹകായ സുനിലിനെയും കുടുംബാംഗങ്ങളെയും അർദ്ധരാത്രി ഒരു സംഘം വന്ന് അതിദാരുണമായി അക്രമിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുനിലെ
ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴെക്കും മരിച്ചിരുന്നു. സഹോദരൻ സുബ്രഹ്മണ്യന്റെ ഇടതുകൈ വെട്ടേറ്റ് അറ്റുപോയി.ഇത് പിന്നീട് തുന്നിചേർക്കുകയായിരുന്നു. സുനിലിന്റെ അച്ഛൻ, അമ്മ, പെങ്ങൾ തുടങ്ങി എല്ലാവർക്കും വെട്ടേറ്റിരുന്നു.കേസിലാദ്യം സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ ഒമ്പതു പേരെ ഗുരുവായൂര്‍ പോലിസ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നാലുപേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഹൈക്കോടതി ഇവരുടെ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ടി പി സെന്‍കുമാര്‍ ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്ന കാലത്താണ് ജംഇയ്യത്തുല്‍ ഇഹ്‌സാനിയയിലേക്ക് അന്വേഷണം എത്തിയത്.
ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായിട്ടുള്ളവർ. വിദേശത്തായിരുന്ന നവാസിന്റെ പാസ്പോർട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപ്പീൽ നൽകി. അപ്പിൽ അനുവദിച്ച് പാസ്പോർട് റദ്ദാക്കി. ഇതേത്തുടർന്ന് ഗൾഫിൽനിന്ന് നേപ്പാളിലെത്തി റോഡ്മാർഗം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചു. ലുക്ഔട്ട് സർക്കുലർ ഉള്ളതിനാൽ അതിർത്തിയിൽ പാസ്പോർട് പരിശോധനയ്ക്കിടെ ഇയാൾ പിടിയിലായി. വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിലെത്തിയ ഡിക്ടറ്റീവ് ഇൻസ്പെക്ടർ റിയാസ് രാജയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം ഗുരുവായൂരിനടുത്തുള്ള തൊഴിയൂരിലെ സുനിലിൻ്റെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പിയെ കൂടാതെ എസ് ഐ മാരായ തോംസൺ, പ്രേമൻ, ജയപാലൻ എന്നിവരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.
സംഭവത്തിലെ മുഖ്യപ്രതിയെ കഴിഞ്ഞ ജൂലൈ 20 ന് പിടി കുടിയിരുന്നു.വാടാനപ്പള്ളി അഞ്ചങ്ങാടി പുയ്യു വീട്ടില്‍ ഷാജുദ്ദീനാ(55)ണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.ഒമ്പതു കുറ്റാരോപിതരില്‍ ഒന്നാം പ്രതി സെയ്തലവി അന്‍വരിയെ ഇതുവരെയും പൊലീസിന് പിടികൂടാനായിട്ടില്ല.ചേകന്നൂർ മൗലവി തിരോധാനക്കേസിൽ മുഖ്യപ്രതിയാണ് ഈ കേസിലെ ഒന്നാംപ്രതി കൂടിയായ സെയ്തലവി അൻവരി.
തൊഴിയൂർ സുനിൽ വധം; ഒമ്പതാം പ്രതി അറസ്റ്റിൽ
