ചാവക്കാട് :പൂന്നയൂര്‍ പഞ്ചായത്ത് കളിസ്ഥലത്തിന്‍റെയും കൊച്ചന്നൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഗണിത ലാബ് കെട്ടിടത്തിന്‍റെയും ജി.എല്‍.പി.എസ് ഇരട്ടപ്പുഴയുടെ ഒന്നാംനിലയുടെയും ഉദ്ഘാടനം ഒക്ടോബര്‍ ആദ്യവാരത്തില്‍ നടത്താന്‍ തീരുമാനിച്ചതായി എന്‍.കെ അക്ബര്‍ എം.എല്‍.എ.
1 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് കളിസ്ഥലത്തിന്‍റെയും 1.25 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊച്ചന്നൂര്‍ ഗണിത ലാബ് കെട്ടിടത്തിന്‍റെയും 1 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഇരട്ടപ്പുഴ ജി.എല്‍.പി.എസിന്‍റെ ഒന്നാംനിലയുടെയും ഉദ്ഘാടനം ഒക്ടോബര്‍ ആദ്യവാരത്തില്‍ നടത്തും.എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പാലംകടവ് പാലം ഒക്ടോബര്‍ മാസത്തില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്ന് കൊടുക്കാനും യോഗത്തില്‍ തീരുമാനമായി. ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മ്മാണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 4 കോടി രൂപയുടെ ഭരണാനുമതിക്കായി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ അനുമതി ലഭിക്കുമെന്നും എക്സി.എഞ്ചിനീയര്‍ , കെട്ടിട വിഭാഗം യോഗത്തെ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അണ്ടാരത്തോട് സ്ലൂയീസിന്‍റെ ടെണ്ടര്‍ അംഗീകരിച്ചതായി മൈനര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തി ത്വരിതപ്പെടുത്താനും 2026 ഫെബ്രുവരിയോടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. ഭരണാനുമതി ലഭിച്ച പൂക്കോട് കുടുംബാരോഗ്യകേന്ദ്രം, ഗുരുവായൂര്‍ ആയുര്‍വ്വേദാശുപത്രി, ജി.യു.പി.എസ് ഗുരുവായൂര്‍, പുന്നയൂര്‍ സ്ക്കൂള്‍, ചാവക്കാട് വെറ്റിനറി ആശുപത്രി, ചാവക്കാട് എക്സൈസ് ഓഫീസ്, എന്നിവക്ക് സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി. എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ,ഇറിഗേഷന്‍ പദ്ധതികള്‍, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍, ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.
ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് എക്സി.എഞ്ചിനീയർ രാകേഷ് സി, കെട്ടിട വിഭാഗം എക്സി.എഞ്ചിനീയര്‍ സന്തോഷ് ഇ, റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആന്‍റണി എന്‍.വി , കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ ബീന, വാട്ടര്‍ അതോറിറ്റി , അഡീഷണല്‍ ഇറിഗേഷന്‍ , മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, കെട്ടിടം പാലം വിഭാഗങ്ങള്‍, വാട്ടര്‍ അതോറിറ്റി, കെ.ആര്‍.എഫ്.ബി, തുടങ്ങിയ വകുപ്പിലെ അസി.എഞ്ചിനീയര്‍മാര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൂന്നയൂര്‍ പഞ്ചായത്ത് കളിസ്ഥലം, കൊച്ചന്നൂര്‍ ഗവ. സ്ക്കൂള്‍ ഗണിത ലാബ് കെട്ടിടം, ജി.എല്‍.പി.എസ് ഇരട്ടപ്പുഴ ഒന്നാംനില തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബറിൽ – എന്‍.കെ അക്ബര്‍ എം.എല്‍.എ
