തൃശൂർ:64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആവേശകരമായ സമാപനം കുറിക്കാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാല്‍ എത്തുന്നു. ജനുവരി 18-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി കെ. രാജൻ അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. തിരക്ക് ഒഴിവാക്കാൻ കാണികള്‍ 3 മണിയോടെ തന്നെ വേദിയില്‍ എത്തണമെന്ന് നിർദ്ദേശമുണ്ട്. മോഹൻലാലിന്റെ വരവിനോടനുബന്ധിച്ച് പ്രത്യേക സെക്യൂരിറ്റി സംവിധാനങ്ങളും റൂട്ട് മാപ്പും തയ്യാറാക്കാൻ ഉന്നതതല യോഗം ചേർന്നു.കലോത്സവ വിജയികള്‍ക്കുള്ള സ്വർണ്ണക്കപ്പ് വിതരണവും മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയില്‍ വെച്ച് നല്‍കുന്നതാണ്. നാലു മാസം മുൻപേ തുടങ്ങിയ ഒരുക്കങ്ങള്‍ കലോത്സവത്തെ മികവുറ്റതാക്കിയെന്ന് മന്ത്രി പറഞ്ഞു. 25 വേദികള്‍ക്കും പൂക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്. വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഒരേ തോട്ടത്തില്‍ നില്‍ക്കുന്നതുപോലെ, മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഈ കലോത്സവം പകരുന്നത്. തൃശ്ശൂർ പൂരത്തിന് സമാനമായ ആവേശമാണ് ഓരോ വേദികളിലും അനുഭവപ്പെടുന്നത്.പൂർണ്ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നതിന് ഇലകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഉച്ചയ്ക്ക് അടപ്രഥമൻ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഒരുക്കിയാണ് അതിഥികളെ സ്വീകരിക്കുന്നത്.തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കസേരകളും സൗകര്യങ്ങളും വേദികളില്‍ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന ഫ്യൂഷൻ സംഗീത പരിപാടികള്‍ സമാപന ചടങ്ങിന് മാറ്റ് കൂട്ടും. സാംസ്കാരിക നഗരിയുടെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഒന്നായി ഈ കലോത്സവം മാറിക്കഴിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അഞ്ച് ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളും ഹയർ സെക്കൻററി വിഭാഗത്തില്‍ 105 ഇനങ്ങളും സംസ്കൃതോത്സവത്തില്‍ 19 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളുമാണുള്ളത്. മത്സരാർഥികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികള്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
തൃശ്ശൂര്‍ കലോത്സവ ലഹരിയില്‍; സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയായെത്തും
