രാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം. ശീവേലിയും സരസ്വതി പൂജയും പൂർത്തിയായതോടെ.

ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുൻവശത്തു പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭം വേദിയിലേക്ക് ദേവീദേവൻമാരുടെ ചിത്രം എഴുന്നള്ളിച്ചു. തുടർന്നായിരുന്നു എഴുത്തിനിരുത്ത് .
13 ക്ഷേത്രം കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി.

കുട്ടികളെ ഹരിശ്രീ എഴുതിച്ചു. ആദ്യം നാവിലും തുടർന്ന് അരിയിലും. ആദ്യാക്ഷര മധുരം നുകർന്ന കുരുന്നുകൾ ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹ കടാക്ഷമേറ്റുവാങ്ങി അക്ഷര ലോകത്തേക്ക് കടന്നു. അറിവിൻ്റെ വെളിച്ചം പടർന്ന പുലർവേള ഭക്തർക്കും ആനന്ദമേകി. നൂറിലേറെ കുരുന്നുകൾ പത്തു മണി വരെയുള്ള നേരത്ത് വിദ്യാരംഭം കുറിച്ചു. ക്ഷേത്രം ഡി.എ.പി.മനോജ് കുമാർ, അസി.മാനേജർ സുശീല ഉൾപ്പെടെയുള്ള ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായി.
