ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് മാറ്റിനിർത്തിയ മുതിർന്ന കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയുടെ കാര്യത്തിൽ ദേവസ്വം നിലപാടിൽ അയവില്ല. ഔദ്യോഗിക നോട്ടീസ് കൈപ്പറ്റാത്തതും രേഖാമൂലം മറുപടി നൽകാത്തതുമാണ് കാരണം. എന്നാൽ, കീഴ്ശാന്തിജോലിയിൽനിന്ന് തന്നെ മാറ്റി നിർത്തുന്നെന്ന് കാണിച്ചുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് രാമൻ നമ്പൂതിരിയുടെ വാദം.
വിഷയം സംബന്ധിച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായ വിഷയം വിവിധ ഹൈന്ദവ സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്.
ഒക്ടോബർ 20-ന് വെളുപ്പിന് മലർനിവേദ്യസമയത്താണ് സംഭവം. ഭരണസമിതിയംഗം കെ.പി. വിശ്വനാഥൻ നാലമ്പലത്തിലുണ്ടായിരുന്നു. രാമൻ നമ്പൂതിരി ശ്രീലകവാതിൽ വലിയ ശബ്ദത്തിൽ അടച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസർ,ക്ഷേത്രം മാനേജർ എന്നിവരുടെ രേഖാമൂലമുള്ള പരാതിയിൽ ദേവസ്വം ഭരണസമിതിയോഗം വിഷയം ചർച്ചചെയ്തു. കെ.പി. വിശ്വനാഥനോടും വിവരങ്ങളാരാഞ്ഞു. തുടർന്ന് നവംബർ അഞ്ചിന് രാമൻ നമ്പൂതിരിയെ ഭരണസമിതി വിളിപ്പിച്ചു. സമയക്രമം പാലിച്ചാണ് ശ്രീലകവാതിൽ അടച്ചതെന്ന് അദ്ദേഹം സമിതിയെ അറിയിച്ചു. എന്നാൽ തന്ത്രിയടക്കമുള്ളവരുണ്ടായിരുന്ന യോഗത്തിൽ ധിക്കാരപരമായി പെരുമാറിയെന്നാണ് രാമൻ നമ്പൂതിരിക്കെതിരായ ആരോപണം.
ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരി പുറത്ത് തന്നെ; ദേവസ്വം നിലപാടിൽ അയവില്ല
