ഗുരുവായൂർ:ഞമനേംങ്ങാട് തിയ്യേറ്റർ വില്ലേജ് അവതരിപ്പിക്കുന്ന പുതിയ നാടകമായ “ഒറ്റക്കാള” യുടെ ടൈറ്റിൽ പ്രകാശനം നടന്നു.പ്രേക്ഷക പ്രശംസ നേടിയ വ്യത്യസ്തമായ നാടകാവതരണമായ “ശങ്കരേട്ടന്റെ വെളിപാടുകൾ” ക്ക് ശേഷം ഒട്ടേറെ പുതുമകളോടെ ഒരുക്കുന്ന ഒറ്റക്കാള നാടകത്തിന്റെ പോസ്റ്റർ റിലീസ് ചലച്ചിത്ര നടൻ ഈർഷാദ് നിർവ്വഹിച്ചു. ലോക നാടക ദിനമായ മാർച്ച് 27ന് ആദ്യ അവതരണത്തിനൊരുങ്ങുന്ന നാടകം സംവിധാനം ചെയ്യുന്നത് പ്രദീപ് നാരായണനാണ്.എഴുത്തുകാരനായ മുസ്തഫ പെരുമ്പറമ്പത്ത് എഴുതിയ “ജ്യോതിർഗമയ” പ്രദീപ്നാരായണൻ എഴുതിയ “സുലോചനയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്” എന്നീ ചെറുകഥകളും കുറച്ച് നാട്ടുവിശേഷങ്ങളും ചേർത്താണ് “ഒറ്റക്കാള” ഒരുക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള അൻപതോളം നാടകങ്ങൾ 2014 മുതൽ രംഗത്തെത്തിച്ച് അമേച്ചർ നാടക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഈ നാടക സംഘത്തിന്റെ ഏറ്റവും പുതിയ നാടകത്തിന്റെ രചന നാടകകൃത്ത് സജീവൻ പ്രദീപൻ നിർവ്വഹിച്ചിരിക്കുന്നു. പ്രഗത്ഭരായ നാടക പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശീലനകളരികളും സാംസ്കാരിക പ്രവർത്തനങ്ങളും നിരന്തരമായി സംഘടിപ്പിക്കുന്ന ഈ നാടക സംഘത്തിന് സാംസ്ക്കാരിക പ്രവർത്തകനായ രാജൻ പുഷ്പാഞ്ജലിയാണ് നേതൃത്വം നൽകുന്നത്. ഗുരുവായൂരിൻ്റെ പരിസര പ്രദേശത്തെ ഇരുപതോളം നാടക പ്രവർത്തകർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നു. പശ്ചാത്തലസംഗീതം ശ്രീനു പെരിമ്പിലാവ്, ലൈറ്റ്സ് സുരേന്ദ്രൻ തില്ലാന, മ്യൂസിക്ക് എക്സിക്യൂഷൻ അൻസാർ അബ്ബാസ്, ആർട്ടിസ്റ്റ് കോഡിനേഷൻ സുനിൽ ചന്ദ്രൻ, ഓഫീസ് നിർവ്വഹണം സത്യൻ കണ്ടാണശ്ശേരി
“ഒറ്റക്കാള” ടൈറ്റിൽ പ്രകാശനം ചെയ്തു
