ഭക്തിയുടെ നിറവിൽ ഗുരുവായൂർ ആറാട്ട്; ദർശനസായൂജ്യമടഞ്ഞ് ഭക്തർ

ഗുരുവായൂർ:പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് നടന്നു.വൈകിട്ട് ആറേകാലോടെ നടന്ന  ദീപാരാധനയ്ക്ക് ശേഷമാണ് ഗുരുവായൂരപ്പൻ പുറത്തേക്ക് എഴുന്നള്ളിയത്. കൊമ്പൻ ദാമോദർ ദാസ് ഭഗവാൻ്റെ സ്വർണ്ണക്കോലം ശിരസിലേറ്റി.ആയിരക്കണക്കിന് ഭക്തർ ആറാട്ടെഴുന്നള്ളിയ ഭഗവാനെ നമിച്ചു, അനുഗ്രഹം തേടി.തുടർന്ന് ഭഗവാൻ ആറാടിയ രുദ്ര തീർത്ഥകുളത്തിൽ മുങ്ങി ഭക്തർ ആത്മസായൂജ്യമടഞ്ഞു. തിങ്കളാഴ്ച ആറാട്ട് സദ്യയോടെ ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രസാദ ഊട്ട് സമാപിച്ചു.സമാപന ദിവസം പ്രസാദഊട്ടിൽ കാൽ ലക്ഷത്തോളം ഭക്തർ പങ്കെടുത്തു. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി മൂന്നുലക്ഷത്തോളം പേരാണ് പ്രസാദ ഊട്ടിൽ പങ്കെടുത്തത്. പകർച്ചയിൽ അഞ്ച് ലക്ഷത്തിലധികം പേർ സംബന്ധിച്ചു. ദിവസവും രാവിലെ ഒമ്പതു മുതൽ ആരംഭിക്കുന്ന  പ്രസാദ ഊട്ടിന് ഏഴു ദിവസം കഞ്ഞിയും പുഴുക്കും പള്ളിവേട്ട ദിവസം കഞ്ഞിയും പയറും ആണ് വിളമ്പിയത്. ആറാട്ട് ദിവസം ചോറ്, സാമ്പാർ, പുളിയിഞ്ചി , അവിയൽ, ഉപ്പേരി, പപ്പടം, ഉപ്പിലിട്ടത് എന്നിങ്ങനെയായിരുന്നു വിഭവങ്ങൾ. ഉത്സവത്തിന്റെ ഭാഗമായി നടന്ന പൊതു പകർച്ച ഉത്സവബലി ദിവസമായ ശനിയാഴ്ച സമാപിച്ചിരുന്നു. ഉത്സവത്തിന്റെ രണ്ടുദിവസങ്ങളിൽ ക്ഷേത്രവുമായി ബന്ധമുള്ളവർക്കും ദേവസ്വം ജീവനക്കാർക്കും വിരമിച്ചവർക്കും മാത്രമാണ് പകർച്ച നൽകിയത്. ഉത്സവ എസ്റ്റിമേറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തുന്നത് ഉത്സവ പകർച്ചക്കും പ്രസാദ ഊട്ടിനും ആണ്. 2,64,45000 രൂപയാണ് ദേവസ്വം ഇതിനായി വകയിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *