സാവിത്രി ടീച്ചറുടെ ജീവചരിത്ര ഡോക്യുമെന്ററി ചിത്രീകരണം ആരംഭിച്ചു പൈതൃക കലയായ തിരുവാതിരക്കളി, നൃത്തനാടകമായ ബാലെ എന്നിവ ജനകീയമാക്കിയ മൺമറഞ്ഞ സാവിത്രി ടീച്ചറുടെ ജീവിതം ഡോക്യുമെന്ററിയാക്കുന്നതിന്റെ സ്വിച്ച് ഓൺ പത്മശ്രീ പെരുവനം കുട്ടൻ മാരാർ നിർവ്വഹിച്ചു.
ജീവിതം കലാസപര്യയാക്കിയ ടീച്ചറുടെ പത്താംചരമവാർഷികത്തോടനുബന്ധിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്.ഒരു കാലത്ത് കേരളത്തിലങ്ങോളം പ്രത്യേകിച്ച് ഉത്സവ വേദികളിൽ നിറഞ്ഞു നിന്നിരുന്ന ജനകീയ നൃത്ത നാടക രൂപമായ ബാലെയുടെ ആദ്യ വനിതാ സംവിധായിക ആയി ശ്രദ്ധേയയായ സാവിത്രി ടീച്ചറെ കലാകേരളത്തിന് പരിചയപ്പെടുത്തുന്നതിനായുള്ള ഡോക്യുമെന്ററിയുടെ സംവിധാനം മാധ്യമപ്രവർത്തകനും മാടമ്പ് കുഞ്ഞുക്കുട്ടനെ കുറിച്ച് തയ്യാറാക്കിയ മാടമ്പിലെ മഹർഷി എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനുമായ ജയപ്രകാശ് കേശവനാണ് നിർവ്വഹിക്കുന്നത്.
പൈതൃക കലാരൂപമായ തിരുവാതിരക്കളി ജനകീയമാക്കുവാൻ നൂറ് കണക്കിന് വീട്ടമ്മമാരെ സൗജന്യമായി പരിശീലിപ്പിക്കുകയും , കലയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ നൃത്താധ്യാപനം നടത്തുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്ന സാവിത്രി ടീച്ചറുടെ പത്താം ചരമവാർഷിക ദിനമായ ജനുവരി 26 ന് ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ഡോക്യുമെന്ററിയുടെ ചിത്രീകരണം വിജയദശമി ദിനത്തിൽ ടീച്ചറുടെ ജന്മനാടായ പെരുവനത്ത് ആരംഭിച്ചു.
