ഗുരുവായൂരിൽ വിഷം കലർത്താൻ വന്നവരെ ജനത്തിന് ബോധ്യമുണ്ട് : സി.എച്ച് റഷീദ്

ഗുരുവായൂർ :ഗുരുവായൂർ മതേതര മണ്ണാണ്,ക്ഷേത്ര നഗരിയുടെ പവിത്രത ഓരോ വിശ്വാസിയും കാത്ത് സൂക്ഷിക്കുന്ന നാടാണ്.ഈ മണ്ണിനെ വർഗീയവത്കരിക്കാൻ ഒരു കൂട്ടർ വന്നാൽ അത് ഗുരുവായൂരിലെ വിശ്വാസിസമൂഹം തിരിച്ചറിയുമെന്ന് ഗുരുവായൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദ് പറഞ്ഞു.ഗുരുവായൂർ മണ്ഡലം റോഡ് ഷോക്ക്‌ ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് തുടക്കം കുറിച്ച് വോട്ടർമാരെ അഭിവാദ്യം ചെയ്യുകയിരുന്നു റഷീദ്.ഈ മണ്ണിൽ വിഷം കലർത്താൻ വന്നവരെ എന്നും ആട്ടിയോടിച്ച പാരമ്പര്യമാണ് ഈ നാടിനുള്ളത്. എവിടെ നിന്നോ നാല് വോട്ടിന് വേണ്ടി വർഗീയത പറഞ്ഞു ഭിന്നിപ്പിക്കാം എന്ന് കരുതിയവർക്ക് ഈ നാടിനെ കുറിച്ചറിയാത്തത് കൊണ്ടാണെന്നും സി എച്ച് റഷീദ് പറഞ്ഞു.മതം പറഞ്ഞു വോട്ട് പിടിക്കാൻ വരുന്നവർ ഈ മണ്ഡലത്തിന്റെ സംസ്കാരവും വിശുദ്ധിയും അറിയാത്തവരാണ്.ക്ഷേത്ര നഗരിയിലെ എല്ലാ വികസനവും ഈ നാട് ഒരുമിച്ച് നേടിയെടുത്താണ്.അമൃത് പദ്ധതിയിലും മറ്റു വികസന പ്രവർത്തനങ്ങളിലും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വലിയ പങ്ക് വഹിച്ച ഒരാളാണ് ഞാൻ. ഗുരുവായൂർ മുൻസിപ്പാലിറ്റി രൂപീകരിക്കുന്നതിൽ എന്റെ പങ്ക് എന്താണെന്ന് ഗുരുവായൂരിലെ ജനപ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കും അറിയാമെന്നും എല്ലാ തലപര്യങ്ങൾക്കും അപ്പുറം ജനപക്ഷ രാഷ്ട്രീയമാണ് താൻ ഉയർത്തി പിടിച്ചിട്ടുള്ളതെന്നും സി എച്ച് റഷീദ് കൂട്ടിച്ചേർത്തു.യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ റോഡ് ഷോ ഗുരുവായൂർ കിഴക്കെ നടയിൽ ലീഗ് ജില്ല പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *