ഗുരുവായൂർ:കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഏപ്രിൽ 22 ന് തുടക്കം കുറിച്ച ബ്രഹ്മോത്സവത്തിന് ആചാര അനുഷ്ഠാന താന്ത്രിക നിറവിൽ കൊടിയേറ്റ കർമ്മം നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിർവഹിച്ചു. കോട്ടപ്പടി രാജേഷ് മാരാരുടെ ശംഖ് വാദനവും, ഗുരുവായൂർ കൃഷ്ണകുമാറിന്റെയും,ഗുരുവായൂർ ശശി മാരുടെയും വാദ്യതാള അകമ്പടിയുമുണ്ടായി.നേരത്തെ ക്ഷേത്രത്തിനകത്തും, കൊടിമര ചുവട്ടിലുമായി കല്ലൂർ കൃഷ്ണജിത്ത് തുടങ്ങി നീണ്ട താന്ത്രിക ശ്രേഷ്ഠതയിൽ നടന്ന അനുബന്ധ പൂജകൾക്ക് ശേഷമാണ് കൊടിയേറ്റ കർമ്മം നടന്നത്. തുടർന്ന് അത്താഴ പൂജയും, കൊടിപ്പുറത്ത് വിളക്കും ഉണ്ടായി. കൊടിയേറ്റദിനത്തിൽ തന്നെ കാലത്ത് അനുഷ്ഠാന നിറവിൽ 108 കലശാഭിഷേകം, ബ്രഹ്മകലശാഭിഷേകവും ഭക്തി സാന്ദ്രതയോടെ നടന്നു. ക്ഷേത്രത്തിനകത്ത് നാഗകാവിൽ ശനിയാഴ്ച്ച വൈക്കീട്ട് വിശേഷാൽ സർപ്പബലിയുമുണ്ടായി. ഉത്സവ തായമ്പകയ്ക്ക് തുടക്കം കുറിച്ച് ശനിയാഴ്ച്ച രാത്രിവാദ്യ പ്രതിഭ കോട്ടപ്പടി രാജേഷ് മാരാർ തായമ്പക അവതരിപ്പിച്ചു.ഏപ്രിൽ 27 ന് തി ങ്കളാഴ്ച്ച ഭക്തി പ്രധാന ചടങ്ങുകളോടെ ഉത്സവബലി (ഏട്ടാം വിളക്ക്) നടത്തപ്പെടുനതുമാണ്.
തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ആചാര-അനുഷ്ഠാന – താന്ത്രിക നിറവോടെ ബ്രഹ്മോത്സവത്തിന് കൊടിയേറി
