ഗുരുവായൂർ ക്ഷേത്രം; സമഗ്ര മാസ്റ്റർ പ്ലാനും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കലും അനിവാര്യം- ക്ഷേത്ര രക്ഷാ സമിതി

ഗുരുവായൂർ:ലോകപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ,സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ കാലങ്ങളായി തുടരുന്ന അവഗണനയ്ക്കും ആശങ്കകൾക്കും ശാശ്വത പരിഹാരം കാണണമെന്ന് ഗുരുവായൂർ ക്ഷേത്ര രക്ഷാ സമിതി ആവശ്യപ്പെട്ടു. നാട്ടിൻപുറത്തെ ആരാധനാലയം എന്ന നിലയിൽ നിന്നും ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന മഹാക്ഷേത്രമായും ജനസാന്ദ്രതയേറിയ നഗരസഭയായും ഗുരുവായൂർ വളർന്നു കഴിഞ്ഞു.എന്നാൽ, ഭക്തജനത്തിരക്ക് കാരണം ക്ഷേത്രനഗരി ഇന്ന് വീർപ്പുമുട്ടുകയാണ്. സ്ഥല പരിമിതിയും സുരക്ഷാപ്രശ്നങ്ങളും ഇന്നും പരിഹരിക്കപ്പെടാത്ത പ്രാഥമിക വെല്ലുവിളികളായി തുടരുന്നു.കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ദീർഘവീക്ഷണമില്ലായ്മ
2014-ന് ശേഷം കേന്ദ്രത്തിൽ അധികാരത്തിൽ വന്ന എൻ.ഡി.എ സർക്കാർ ഗുരുവായൂരിനായി അനുവദിച്ച പ്രസാദ് (PRASHAD), അമൃത് (AMRUT) തുടങ്ങിയ വികസന പദ്ധതികളും സാമ്പത്തിക സഹായങ്ങളും ക്ഷേത്രനഗരിയുടെ വികസനത്തിന് വലിയ ഊർജ്ജമാകേണ്ടതായിരുന്നു.എന്നാൽ, സമഗ്രമായ ഒരു ‘മാസ്റ്റർ പ്ലാൻ’ ഇല്ലാത്തതുമൂലം ഈ പദ്ധതികളെയും ധനസഹായങ്ങളെയും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നത് വസ്തുതയാണെന്ന് രക്ഷാ സമിത ആരോപിച്ചു.നഗരത്തിലെ വിട്ടുമാറാത്ത ഗതാഗതക്കുരുക്ക്, ക്ഷേത്ര പരിസരത്തെ അനിയന്ത്രിതമായ തിരക്ക്, അന്യദേശങ്ങളിൽ നിന്ന് എത്തി ക്ഷേത്രപരിസരത്ത് തമ്പടിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടം എന്നിവ ഇതിന്റെ നേരിട്ടുള്ള ഉദാഹരണങ്ങളാണ്.
സംസ്ഥാനത്ത് മാറിമാറിവരുന്ന രാഷ്ട്രീയ ഭരണകൂടങ്ങളുടെ നോമിനികളായി എത്തുന്ന ദേവസ്വം ഭരണസമിതികൾ ക്ഷേത്രത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. വെള്ളക്കെട്ടും മലിനീകരണവും അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാതെ നിക്ഷിപ്ത താല്പര്യങ്ങളാണ് ഇവിടെ നടപ്പിലാകുന്നത്. ക്ഷേത്ര പരിസരത്ത് സ്വകാര്യഭൂമി കൈമാറ്റം ചെയ്യുമ്പോൾ ദേവസ്വത്തിന്റെ താല്പര്യം ആരായണമെന്ന ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ, 2011-ലെ ഭരണസമിതി ക്ഷേത്ര വികസനത്തിന് ഭൂമി ആവശ്യമില്ലെന്ന തെറ്റായ തീരുമാനമെടുത്തു. ഇതിന്റെ മറവിൽ കിഴക്കേനടയിലെ നടപ്പന്തലിനുള്ളിൽ ഭൂമി കച്ചവടം നടക്കുകയും ബഹുനില മന്ദിരം ഉയരുകയും ചെയ്തു. ഇന്ന് 100 മീറ്റർ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ദേവസ്വം മുന്നോട്ടുപോകുമ്പോൾ, അന്ന് എടുത്ത തെറ്റായ തീരുമാനത്തെ ഉയർത്തിപ്പിടിച്ചാണ് അക്വിസിഷനെതിരെ ചിലർ പ്രതിരോധം തീർക്കുന്നത്. സത്യാഗ്രഹ സ്മാരക മന്ദിരം, ഷോപ്പിംഗ്  കോംപ്ലക്സുകൾ, പുന്നത്തൂർ കോട്ട, ഷീറ്റ് മേഞ്ഞ നടപ്പുരകൾ, അശാസ്ത്രീയമായ ക്യൂ സിസ്റ്റം എന്നിവയെല്ലാം ദീർഘവീക്ഷണമില്ലാത്ത തീരുമാനങ്ങൾക്ക് ഉദാഹരണങ്ങളാണ്. വികസനത്തിന്റെ പേരിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇവ വരുത്തിവെച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി തുടരുന്ന ഈ അവഗണനയുടെ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ഭക്തരും പ്രദേശവാസികളുമാണ്.
ക്ഷേത്ര സുരക്ഷയ്ക്കും വികസനത്തിനുമായി വലിയ തുക ആവശ്യമായിരിക്കുന്ന സാഹചര്യത്തിലാണ്, മുൻകാലങ്ങളിൽ 10 കോടി രൂപ ദേവസ്വം ഭരണസമിതി നിയമവിരുദ്ധമായി സർക്കാരിലേക്ക് സംഭാവന നൽകിയത്. ഈ നടപടി തെറ്റാണെന്ന് കോടതികൾ വിധിച്ചിട്ടും തുക തിരിച്ചുപിടിക്കാൻ ശ്രമിക്കാതെ കോടതിവിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകുകയാണ് ദേവസ്വം ബോർഡ് ചെയ്തത്. കൃത്യമായ മാസ്റ്റർ പ്ലാൻ ഉണ്ടായാൽ അനാവശ്യ നിർമ്മാണങ്ങളും അഴിമതിയും നടത്താൻ കഴിയില്ലെന്ന ദേവസ്വം ഭരണസമിതികളുടെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും ആശങ്കയാണ് മാസ്റ്റർ പ്ലാൻ യാഥാർത്ഥ്യമാകുന്നതിന് തുരങ്കം വെക്കുന്നത്.
ഉപരികോടതികളും കേന്ദ്ര സർക്കാരും നിർദ്ദേശിച്ചതുപോലെ ക്ഷേത്രത്തിന് ചുറ്റുമുള്ള 100 മീറ്റർ ഭൂമി ഏറ്റെടുക്കുകയും സുരക്ഷാ മതിൽ നിർമ്മിക്കുകയും വേണം. സമഗ്രമായ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥിരമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ. ഭൂമിയും സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന പ്രദേശവാസികൾക്ക് അർഹമായ നഷ്ടപരിഹാരം പൂർണ്ണമായി ലഭ്യമാക്കണം.
ക്ഷേത്ര പരിസരത്ത് തമ്പടിച്ചിട്ടുള്ള സംശയസ്പദമായ വ്യക്തികളുടെ കൃത്യമായ വിവരശേഖരണം (Verification) നടത്തി, ക്രിമിനലുകളെ ഇവിടെ നിന്നും അടിയന്തരമായി ഒഴിപ്പിച്ച് ഭക്തർക്ക് സുരക്ഷിതത്വം ഉറപ്പാക്കണം.
അക്വിസിഷൻ വഴി ഏറ്റെടുക്കുന്ന ഭൂമിയിലെ വികസന പ്രവർത്തനങ്ങൾക്ക് ദേവസ്വത്തിന്റെ ഫണ്ട് പൂർണ്ണമായി വിനിയോഗിക്കാതെ, കേന്ദ്ര സർക്കാരിന്റെ ‘പ്രസാദ്’ പോലുള്ള പദ്ധതികളും യാതൊരുവിധ ഉപാധികളും നിബന്ധനകളുമില്ലാതെ ഭഗവാന് സമർപ്പണമായി നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധരായ ഭക്തരുടെ സംഭാവനകളും പരമാവധി പ്രയോജനപ്പെടുത്തണം. ഇതിനായി സംസ്ഥാന സർക്കാരും ദേവസ്വം വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ഗുരുവായൂർ ക്ഷേത്ര രക്ഷാ സമിതി പത്രകുറിപ്പിലൂടെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *