നാളെ രാജ്യവ്യാപകമായി മരുന്ന് കടകള്‍ അടച്ചിടും

തിരുവനന്തപുരം:നാളെ രാജ്യവ്യാപകമായി മരുന്ന് കടകള്‍ അടച്ചിടും
ഓണ്‍ലൈൻ മരുന്ന് വിതരണത്തിനെതിരെയും വിതരണ രംഗത്തെ കോർപ്പറേറ്റ് വല്‍ക്കരണത്തിനുമെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മരുന്ന് വ്യാപാരികള്‍ രംഗത്ത്.ഓള്‍ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സിന്റെ ആഹ്വാനപ്രകാരം മേയ് 20 ബുധനാഴ്ച രാജ്യത്തുടനീളമുള്ള മരുന്ന് കടകള്‍ പൂർണ്ണമായി അടച്ചിട്ട് സമരം നടത്തും.കേരളത്തിലടക്കം ലക്ഷക്കണക്കിന് റീട്ടെയില്‍, ഹോള്‍സെയില്‍ മരുന്ന് വ്യാപാര സ്ഥാപനങ്ങള്‍ സമരത്തില്‍ പങ്കുചേരുന്നതിനാല്‍ സാധാരണക്കാരായ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭിക്കുന്നതില്‍ വലിയ രീതിയിലുള്ള തടസ്സങ്ങള്‍ നേരിടാൻ സാധ്യതയുണ്ട്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതിയ ജിഎസ്‌ആർ വിജ്ഞാപനത്തിലെ വ്യവസ്ഥകളാണ് ഇപ്പോഴത്തെ പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ഇ-ഫാർമസികള്‍ക്ക് രാജ്യത്ത് നിയമസാധുത നല്‍കാനും ഓണ്‍ലൈൻ വഴി കണ്‍ട്രോള്‍ഡ് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണം എളുപ്പമാക്കാനും പുതിയ ഭേദഗതികള്‍ വഴിവെക്കുമെന്നാണ് വ്യാപാരികളുടെ ആരോപണം.ഇത് നിലവില്‍ രാജ്യത്തുടനീളം പരമ്പരാഗതമായി പ്രവർത്തിക്കുന്ന 12 ലക്ഷത്തിലധികം വരുന്ന ചെറുകിട മരുന്ന് വ്യാപാരികളുടെയും അവരുടെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും ഉപജീവനമാർഗ്ഗത്തെ ദോഷകരമായി ബാധിക്കും.കോർപ്പറേറ്റ് ഓണ്‍ലൈൻ കമ്പനികള്‍ക്ക് വിപണിയില്‍ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കുന്ന ഇത്തരം കറുത്ത നിയമങ്ങള്‍ പിൻവലിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.അനിയന്ത്രിതമായ ഡിസ്കൗണ്ടുകള്‍ നല്‍കി ഓണ്‍ലൈൻ ഫാർമസികള്‍ വിപണി പിടിക്കുമ്പോള്‍, കൃത്യമായ നികുതിയും ലൈസൻസ് ഫീസും നല്‍കി പ്രവർത്തിക്കുന്ന കടകള്‍ക്ക് പിടിച്ച്‌ നില്‍ക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് സമരക്കാർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, കൃത്യമായ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഓണ്‍ലൈൻ വഴി മരുന്നുകള്‍ ഓർഡർ ചെയ്യുന്നത് രാജ്യത്ത് മരുന്ന് ദുരുപയോഗം വർദ്ധിക്കാൻ കാരണമാകുമെന്ന വലിയൊരു സുരക്ഷാ മുന്നറിയിപ്പും കെമിസ്റ്റുകള്‍ നല്‍കുന്നുണ്ട്. വ്യാജ മരുന്നുകള്‍ വിപണിയില്‍ എത്താനുള്ള സാധ്യതയും ഇതിലൂടെ വളരെ കൂടുതലാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കുന്നു.കേരള സ്റ്റേറ്റ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന്റെ പിന്തുണയോടെ കേരളത്തിലും സമരം പൂർണ്ണമായിരിക്കും. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന റീട്ടെയില്‍ ഫാർമസികളും ഹോള്‍സെയില്‍ വിതരണക്കാരും നാളെ കടകള്‍ തുറക്കില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളും നാളത്തെ സമരത്തില്‍ പങ്കുചേരുമെന്നാണ് വിവരം. അതേസമയം, ജനങ്ങളുടെ ജീവന് ഹാനികരമാകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ ആശുപത്രികളിലെ ഫാർമസികളും ചില അത്യാഹിത വിഭാഗങ്ങളോട് ചേർന്നുള്ള ഇൻ-ഹൗസ് ഫാർമസികളും തുറന്നുപ്രവർത്തിച്ചേക്കും. എങ്കിലും സാധാരണ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കുന്ന ജനങ്ങള്‍ ഇന്ന് തന്നെ ആവശ്യമായ മരുന്നുകള്‍ വാങ്ങി സൂക്ഷിക്കുന്നത് നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *