അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനത്തിനിരയായി മധു കൊല്ലപ്പെട്ട സംഭവം; കേസിന്റെ അപ്പീലിൽ വിധി ഇന്ന്

കൊച്ചി:അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനത്തിനിരയായി മധു കൊല്ലപ്പെട്ട കേസിന്റെ അപ്പീലിൽ വിധി ഇന്ന്.”ഞങ്ങടെ ദുഃഖം കോടതി കാണും. മധുവിന് ഹൈക്കോടതിവിധിയിൽ നീതി കിട്ടും” -എന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പ്രതീക്ഷയോടെ പറഞ്ഞു.മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടെ വിധിയിൽ കുടുംബം തൃപ്തരല്ലായിരുന്നു.മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. വിചാരണ നടപടികൾക്കുശേഷം ഇന്നാണ് ഹൈക്കോടതി വിധിപറയുന്നത്.കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയിൽ ഹാജരാക്കും.മധു കൊല്ലപ്പെട്ട കേസിലെ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് കൈകൾ ബന്ധിച്ച് മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പോലീസിന് മധുവിനെ കൈമാറി. പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.അട്ടപ്പാടി മധു വധക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് ശിക്ഷ വിധിച്ചത്. 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്.ആസൂത്രിതമല്ലാത്ത നരഹത്യയാണ് 13 പ്രതികൾക്കെതിരേ ജഡ്ജി കെ.എം. രതീഷ് കുമാർ ശിക്ഷാവിധിയിൽ പറഞ്ഞിരുന്ന പ്രധാനകുറ്റം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326, 367, പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ 31 (ഡി) തുടങ്ങിയ ഉയർന്ന ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളും ചുമത്തി. പ്രോസിക്യൂഷൻ ആരോപിച്ച കൊലപാതകക്കുറ്റം കോടതി ഒഴിവാക്കി.നാലാംപ്രതി കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ്, 11-ാം പ്രതി മുക്കാലി ചോലയിൽ അബ്ദുൾ കരീം എന്നിവരെ കേസിൽ വെറുതേവിട്ടിരുന്നു.താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (59), മുക്കാലി കിളയിൽ മരക്കാർ (41), മുക്കാലി പൊതുവച്ചോല ഷംസുദീൻ (41), മുക്കാലി താഴുശ്ശേരി രാധാകൃഷ്ണൻ (40), ആനമൂളി പൊതുവച്ചോല അബൂബക്കർ (39), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ദിഖ് (46), മുക്കാലി തൊട്ടിയിൽ ഉബൈദ് (33), മുക്കാലി വിരുത്തിയിൽ നജീബ് (41), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (52), മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരക്കൽ സജീവ് (38), മുക്കാലി കള്ളമല മുരിക്കട സതീഷ് (43), കള്ളമല ചെരുവിൽ വീട്ടിൽ ഹരീഷ് (42), കള്ളമല ചെരുവിൽ വീട്ടിൽ ബിജു (45), കള്ളമല വിരുത്തിയിൽ മുനീർ (28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *