വടക്കേക്കാട് :ഏറെ വിവാദമായ വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് വാതക ശ്മശാനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് പ്രതികരണവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തി.
ശ്മശാനത്തിൻ്റെ പണി ജൂൺ 30 നുള്ളിൽ പൂർത്തീകരിക്കാൻ കരാർ കമ്പനിയായ കോസ്റ്റ് ഫോർഡുമായി ധാരണയായതായി പഞ്ചായത്ത് പ്രസിഡണ്ട് ജിൽസി ബാബു,വൈസ് പ്രസിഡൻ്റ് നബീൽ എൻ എം കെ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.എന്നാൽ വസ്തുത അറിയുന്ന പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്തിനെ താഴ്ത്തി കെട്ടാൻ ശ്രമിക്കുകയാണ്. ശ്മശാന വിഷയത്തിൽ ഒരു വിയോജനക്കുറിപ്പ് പോലും നൽകാതെയാണ് പ്രതിപക്ഷം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് പുറംനാടകം കളിക്കുന്നത്.ഗ്രാമപഞ്ചായത്തിൽ ആധുനിക വാതക ശ്മശാനം വരിക എന്നത് പഞ്ചായത്തിൻ്റെ കൂടി ആവശ്യമാണ്. ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ 2021-22 കാലഘട്ടത്തിലാണ് പദ്ധതി വെച്ചിട്ടുള്ളത്. ശ്മശാന നിർമ്മാണം ആരംഭിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസി.എഞ്ചിനീയർ 2023 മാർച്ച് 25, മെയ് 10 തിയ്യതികളിൽ കോസ്റ്റ്ഫോർഡ് ഡയറക്ടർക്ക് കത്ത് നൽകുകയും 2023 മെയ് 17 ന് അസി.എഞ്ചിനീയർ, കോസ്റ്റ്ഫോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായി ഒരാഴ്ചക്കകം പണി തുടങ്ങുന്നതിനും, 10 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനും കരാറിൽ ഒപ്പ് വെച്ചിട്ടുള്ളതുമാണ്. ഈ കാലാവധി പൂർത്തീകരിച്ചതിനു ശേഷം 12 തവണയോളം സപ്ലിമെന്ററി എഗ്രിമെന്റും ഇതുവരെ വെച്ചിട്ടുണ്ട്.2021-22 വർഷത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള ആദ്യ കരാറിനു ശേഷം പലതവണ പിഴ കൂടാതെ പൂർത്തീകരണ കാലാവധി നീട്ടി നൽകിയിട്ടും നാളിതുവരെ നിർമ്മാണം പൂർത്തീകരിക്കാത്തത് മൂലം സ്പിൽ ഓവറായി തുടരേണ്ടി വന്നതിനാൽ ഓരോ വർഷവും വിഹിതമായി വകയിരുത്തിയ വൻതുകകൾ ഗ്രാമ,ജില്ലാ പഞ്ചായത്തുകൾക്ക് അതാത് സമയം വിനിയോഗിക്കാനാവാതെ നഷ്ടപ്പെട്ടു.പലതവണ കരാർ ദീർഘിപ്പിച്ചു നൽകിയിട്ടും പണി തീർക്കാത്തതിനാൽ കോസ്റ്റ് ഫോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ 2026 മെയ് 12 ലെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്തിമമായി ജൂൺ 30 വരെ പിഴ കൂടാതെ കാലാവധി ദീർഘിപ്പിക്കുകയും ഇതിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനും തീരുമാനമായിട്ടുണ്ട്. പണി പൂർത്തീകരിക്കാത്ത പക്ഷം പൊതുമരാമത്ത് മാന്വൽ പ്രകാരമുള്ള നടപടി എടുക്കുകയും ശേഷിക്കുന്ന പ്രവർത്തിയുടെ നിരക്കിൻ്റെ 30 ശതമാനം തുക വീഴ്ച വരുത്തിയ കരാറുകാരനിൽ നിന്നും റിസ്ക് ഏൻഡ് കോസ്റ്റ് ആയി ഈടാക്കുന്നതിനും,ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും പദ്ധതി സ്പിൽ ഓവറായി തുടങ്ങേണ്ടി വന്നതിനാൽ ഓരോ വർഷവും വിനിയോഗിക്കാനാവാതെ വന്ന തുക നഷ്ടപരിഹാരമായി ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഭരണ സമിതി തീരുമാനിച്ചതായി പ്രസിഡൻ്റ് അറിയിച്ചു. പത്രസമ്മേളനത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ അജയകുമാർ വൈലേരി, നിഷ ബിനോജ്, സീജ മൊയ്തുണ്ണി, അംഗങ്ങളായ മിൽന സിൻ്റോ,ഷെസീന കബീർ, ആർ.എം ബക്കർ എന്നിവർ പങ്കെടുത്തു
