ഗുരുവായൂർ: മൂന്നു പതിറ്റാണ്ടിൻ്റെ ദുരിതം അവസാനിക്കുന്നു. ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രണ്ട് വർഷത്തോളം പൊതുജനങ്ങൾ അനുഭവിച്ച യാത്രാ ദുരിതത്തിനു ഇതോടെ അറുതിയാകും. മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 7ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുംനഗരസഭ ടൗൺ ഹാളിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി മുഹമദ് റിയാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ,ആർ ബിന്ദു, വി.അബ്ദുറഹ്മാൻ,ടി.എൻ പ്രതാപൻ എം.പി, എൻ.കെ അക്ബർ എം എൽ എ,മറ്റു ജന പ്രതിനിധികൾ പങ്കെടുക്കും.
2021 ജനുവരിയിൽ 23 ന് സംസ്ഥാനത്തെ 10 നിർമ്മാണോദ്ഘാടന
ത്തോടൊപ്പം ഗുരുവായൂരിലെ മേൽപ്പാലത്തിൻ്റെയും നിർമ്മാണോദ്ഘാടനവും ഓൺലൈനായി നടന്നു.പിന്നീട് പതിനൊന്നു മാസത്തിനു ശേഷം നവംബർ 10 ന് നിർമ്മാണം തുടങ്ങുന്നതിനു മുന്നോടിയായുള്ള സ്ഥലം ഒരുക്കൽ തുടങ്ങി.ഡിസംബർ 3ന് ഗേറ്റ് വഴിയുളള ഗതാഗതം നിർത്തലാക്കി. പൈലിംഗ് പ്രവൃത്തി ആരംഭിച്ചു.ഗർഡർ പരിശോധന വൈകിയത് പാലം പണി പിന്നെയും നീണ്ടു.നിർമാണം തുടങ്ങിയ ശേഷം പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനുമായി എം എൽ എ യുടെ നേതൃത്വത്തിൽ 28 ഓളം അവലോകന യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. ഒടുവിൽ സീസൺ ആരംഭിക്കുന്നതിനു മുൻപ് മേൽപ്പാലം എന്നത് യാഥാർത്ഥ്യമായി.ഉദ്ഘാടനത്തിന്റെ തലേദിവസമായ ഇന്നലെ പൊതുജനങ്ങൾക്ക് പാലത്തിലൂടെ നടന്ന് കാണനുള്ള അവസരം നൽകിയിരുന്നു.
നിരവധി പേരാണ് പുതിയ പാലത്തിലൂടെ നടക്കാനും സെൽഫി എടുക്കാനും എത്തിയത്.ഇന്ന് ഉദ്ഘാടനത്തിനു ശേഷം പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. ബസ്സിൽ പൊതു ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്.

